കാസർകോട്: നടൻ ജയറാമിനെ നായകനാക്കി അനിൽബാബു സംവിധാനംചെയ്ത 'ഉത്തമൻ' എന്ന സിനിമയിലെ ജയറാമിെൻറ കഥാപാത്രമായ ഉത്തമനോട് സാദൃശ്യമുണ്ട് മഞ്ഞംപൊതി കുന്നിൻമുകളിലെ പത്തുസെൻറ് മണ്ണിൽ താമസിക്കുന്ന പ്രഭാകരന്. പൊലീസ് സ്റ്റേഷൻ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു കഥാപാത്രമാണ് ഉത്തമൻ. എന്നാൽ, ഉത്തമൻ പൊലീസല്ല, പൊലീസുകാർക്കൊക്കെ പ്രിയങ്കരനും. പൊലീസുകാർക്ക് ശമ്പളം കിട്ടിയാൽ ഉത്തമന് ഒരു വിഹിതം ഉണ്ടാകും. അതുപോലെ പ്രഭാകരനുമുണ്ട് ഒരു വിഹിതം. ഉത്തമെൻറ വീടുപോലെ കുന്നിൻപുറത്ത് തന്നെ പ്രഭാകരെൻറയും വീട്. സമുദ്രനിരപ്പിൽനിന്ന് 5000ത്തിലധികം അടി ഉയരമുള്ള മഞ്ഞംപൊതി കുന്നിലെ പൊലീസ് വയർലെസ് സെറ്റ് സ്റ്റേഷനിലാണ് പ്രഭാകരെൻറ ജോലി. അവിടെ ഡ്യൂട്ടിയിലെത്തുന്ന പൊലീസുകാർക്ക് ഭക്ഷണമെത്തിക്കലാണ് പ്രധാനകർമം. സ്റ്റേഷനിൽ മറ്റു സഹായങ്ങളും ചെയ്യും. പൊലീസ് ജീപ്പ് കയറിച്ചെല്ലാത്ത ഇടമാണ് മഞ്ഞംപൊതി കുന്ന്. പൊലീസുകാർക്ക് മൂന്നുനേരം ഭക്ഷണമെത്തിക്കണമെങ്കിൽ മൂന്നു കിലോമീറ്റർ നടക്കണം. ഇങ്ങനെ മൂന്നുനേരത്തെ ഭക്ഷണം. രാവിലെ ആറരമണിക്ക് പ്രഭാതഭക്ഷണം. അതുകഴിഞ്ഞാൽ പന്ത്രണ്ടരയോടെ ഉച്ചഭക്ഷണം. രാത്രിയും. ഭക്ഷണവുമായുള്ള യാത്രക്ക് ഒരു ദിവസംപോലും അവധിയുമില്ല. പത്താം വയസ്സിൽ തുടങ്ങിയ നടത്തത്തിലൂടെ നാലാം ക്ലാസുകാരനായ പ്രഭാകരൻ ഒരു തൂപ്പുകാരെൻറ പാർട്ട്ടൈം ജോലി പൊലീസിൽ സ്വപ്നം കണ്ടിരുന്നു. തൂപ്പുകാരനാകാൻപോലും പി.എസ്.സി എഴുതണമെന്നറിഞ്ഞതോടെ നടത്തംതന്നെ ജീവിതമാക്കി. വകുപ്പ് നൽകുന്ന തുച്ഛവരുമാനവും ഭക്ഷണപ്പൊതി എത്തിച്ചുനൽകുന്നതിന് പൊലീസുകാർ സ്നേഹപൂർവം നൽകുന്ന തുകയുമാണ് വരുമാനം. 1987ൽ ഇൻറർവ്യൂവിനായി പ്രഭാകരനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചെങ്കിലും ജോലി നൽകിയില്ല. പകരം ശരിയാകും എന്ന വാഗ്ദാനം നൽകി മടക്കി. പ്രഭാകരൻ കുടുംബസമേതം മഞ്ഞംപൊതി കുന്നിലെ പത്തുസെൻറിലാണ് താമസിക്കുന്നത്. പൊലീസുകാർക്ക് അന്നമെത്തിക്കുന്ന ഈ 47കാരനെ അഞ്ചുതവണയാണ് വിഷപ്പാമ്പ് കടിച്ചത്. പ്രഭാകരൻ ചികിത്സയിലായതോടെ കുടുംബത്തിന് സഹായവുമായി പൊലീസുകാർ തന്നെയെത്തി. മൂന്ന് മക്കളുമായി ജീവിതത്തിെൻറ നല്ലകാലങ്ങൾ നടന്നുതീർക്കുന്ന പ്രഭാകരന് പാർട്ട്ടൈമായിെട്ടങ്കിലും ജോലി സ്ഥിരപ്പെടണമെന്ന ആഗ്രഹമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.