പേരാവൂര്‍: സൗഹൃദങ്ങളുടെ പഠനയാത്രയിൽ കണ്ണീരോര്‍മ സമ്മാനിച്ച് ശ്രീപാര്‍വതി എന്ന പാര്‍വതിക്കുട്ടി യാത്രയായി. ആഴ്ചകള്‍ക്ക് മുമ്പ് സ്‌കൂളില്‍നിന്ന് പാര്‍വതിയും സുഹൃത്തുക്കളും ബംഗളൂരുവിലേക്ക് പഠനയാത്ര പോയത് കളിചിരികളോടെയായിരുന്നു. മടങ്ങിയെത്തിയ ശേഷമാണ് പാര്‍വതിയില്‍ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയത്. പരിശോധനകളില്‍ ഡിഫ്തീരിയ ബാധിച്ചതായും അവസ്ഥ മോശമാണെന്നും അറിഞ്ഞ നാള്‍ തൊട്ട് പ്രാർഥനയോടെ കഴിയുകയായിരുന്നു സ്‌കൂളും വളയങ്ങാടെന്ന ഗ്രാമവും. ഒടുവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെ പാര്‍വതിക്കുട്ടിയെ മരണം തട്ടിയെടുക്കുകയായിരുന്നു. കൂട്ടുകാരിയുടെ വേര്‍പാട് വിശ്വസിക്കാനാകാതെയാണ് സഹപാഠികൾ വീട്ടിലെത്തിയത്. നെടുംപൊയിലില്‍ എത്തിച്ച മൃതദേഹത്തിനൊപ്പം സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും വിലാപയാത്രയായി അനുഗമിച്ചു. 12 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പി.കെ. ശ്രീമതി എം.പി, സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, വൈസ് പ്രസിഡൻറ് വി. ഷാജി, പേരാവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി, സി.പി.എം ജില്ല കമ്മിറ്റിയംഗം വി.ജി പത്മനാഭൻ, ഏരിയ സെക്രട്ടറി എം. രാജൻ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി.കെ. സനോജ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. ശ്രീജിത്ത്, സി.പി.ഐ മണ്ഡലം വൈസ് പ്രസിഡൻറ് പത്മനാഭന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. ഉച്ചക്ക് ഒരുമണിയോടെ മണത്തണ വളയങ്ങാട്ടെ തറവാട്ട് വളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.