കണ്ണൂർ: ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങൾ നേരിടുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും അഭയവും കൗൺസലിങ്ങും നിയമ സഹായവും നൽകുന്ന സംവിധാനമായി കുടുംബശ്രീക്ക് കീഴിൽ 'സ്നേഹിത' ജെൻഡർ ഹെൽപ് ഡെസ്ക് യാഥാർഥ്യമാകുന്നു. 'സ്നേഹിത'യുടെ ജില്ലതല ഉദ്ഘാടനം ഡിസംബർ 16ന് ഉച്ചക്ക് രണ്ടിന് മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. സ്ത്രീകൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും രാത്രിയിൽ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കും താൽക്കാലിക അഭയകേന്ദ്രമായിരിക്കും 'സ്നേഹിത'. ഒരാഴ്ച വരെ ഇവിടെ താമസിക്കാം. ഭക്ഷണവും കൗൺസലിങ്ങും നൽകും. ഗാർഹിക പീഡനത്തിന് ഇരയാവുന്നവർക്ക് വൈദ്യസഹായവും മറ്റ് സേവനങ്ങളും നൽകും. 24 മണിക്കൂറും ഹെൽപ്ലൈൻ സേവനം ഉണ്ടായിരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും നേരിട്ടും ഫോൺ വഴിയും കൗൺസലിങ് ലഭ്യമാക്കും. സ്കൂളുകൾ, അയൽക്കൂട്ടങ്ങൾ, അങ്കണവാടികൾ, കോളജുകൾ എന്നിവിടങ്ങളിൽ ബോധവത്കരണം, കൗൺസലിങ്, സ്ത്രീ ശാക്തീകരണം, ലിംഗപദവി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ, ശിൽപശാലകൾ എന്നിവ നടത്തും. അയൽക്കൂട്ടത്തിലെ പ്രശ്നപരിഹാര സംവിധാനമായും പ്രവർത്തിക്കും. വാർഡ് തലത്തിൽ വിജിലൻറ് ഗ്രൂപ്പുകൾ, പഞ്ചായത്ത് തലത്തിൽ ജെൻഡർ കോർണറുകൾ, ബ്ലോക്ക് തലത്തിൽ കമ്യൂണിറ്റി കൗൺസലിങ് സെൻറർ/ജെൻഡർ റിസോഴ്സ് സെൻറർ എന്നിങ്ങനെയാണ് സംവിധാനം. ജില്ലയിൽ അഞ്ച് കമ്യൂണിറ്റി കൗൺസലിങ് സെൻററുകൾ സ്ഥാപിച്ചുകഴിഞ്ഞു. 'സ്നേഹിത'യുടെ ഓഫിസിലെ എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളാണ്. അഞ്ച് സേവന ദാതാക്കളെയും രണ്ട് കൗൺസിലർമാരെയും നിയമിച്ചിട്ടുണ്ട്. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം പള്ളിപ്രത്താണ് 'സ്നേഹിത'യുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.