തലശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സർവശിക്ഷാ അഭിയാൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിദ്യാലയ കൂട്ടുചേരൽ പരിപാടിക്ക് തലശ്ശേരിയിൽ തുടക്കമായി. തലശ്ശേരി സേക്രഡ് ഹാർട്ട് എൽ.പി സ്കൂളാണ് കൂട്ടുചേരലിന് വേദിയായത്. അൽ മദ്റസത്തുൽ മുബാറക്ക എൽ.പി സ്കൂളിൽനിന്നുള്ള 30 വിദ്യാർഥികളാണ് സേക്രഡ് ഹാർട്ട് സ്കൂളിൽ കൂട്ടുചേരാനെത്തിയത്. ഇവരോടൊപ്പം സ്കൂളിലെ രണ്ട് അധ്യാപകരും രണ്ട് രക്ഷാകർതൃ പ്രതിനിധികളുമുണ്ടായിരുന്നു. വിദ്യാലയങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സ്വീകാര്യമായ മികവുകൾ സ്വാംശീകരിച്ച് സ്വന്തം വിദ്യാലയത്തെ കൂടുതൽ മികവിലേക്കുയർത്താനും സാധിക്കുമെന്ന വിശ്വാസമാണ് കൂട്ടുചേരലിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ അസംബ്ലിയോടെയാണ് കൂട്ടുചേരലിന് തുടക്കം. തെറ്റില്ലാത്ത മലയാളം, ഹലോ ഇംഗ്ലീഷ്, ഗണിതം മധുരം എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാൽ കൂട്ടുചേരൽ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ഗ്രൂപ്പുകളായി തിരിഞ്ഞ കുട്ടികൾ സ്കൂൾപ്രവർത്തനം ചുറ്റിനടന്ന് നിരീക്ഷിച്ചു. ഇംഗ്ലീഷ് തിയറ്റർ, സ്മാർട്ട് ക്ലാസ് റൂം, ശുചിത്വം, ഉച്ചഭക്ഷണം, റേഡിയോ സ്റ്റേഷൻ, നല്ല മലയാളം എന്നിങ്ങനെ വിവിധ മേഖലകളായി വിദ്യാർഥികൾ സ്കൂൾപ്രവർത്തനങ്ങൾ നിരീക്ഷിച്ചറിഞ്ഞു. അതിഥികളായെത്തിയ വിദ്യാർഥികൾക്കൊപ്പം ആതിഥേയരായ സേക്രഡ് ഹാർട്ട് എൽ.പിയിലെ വിദ്യാർഥികളും അനുഭവങ്ങൾ പങ്കിട്ടു. വിദ്യാർഥികൾക്ക് വിഭവസമൃദ്ധമായ സദ്യയും വിളമ്പി. പതിപ്പ് നിർമാണം, ഗ്രൂപ്പ് ക്രോഡീകരണം എന്നിവയും നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി. സമാപന ചടങ്ങ് തലശ്ശേരി സൗത്ത് ബി.പി.ഒ ശ്രീരഞ്ജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിജുമോഹൻ അധ്യക്ഷതവഹിച്ചു. സേക്രഡ് ഹാർട്ട് ലോക്കൽ മാനേജർ സിസ്റ്റർ സെലിൻ, അണ്ടലൂർ സ്കൂൾ പ്രധാനാധ്യാപിക തങ്കമ്മ, മുബാറക്ക എൽ.പി പ്രധാനാധ്യാപകൻ എം.കെ. മുഹമ്മദലി, സേക്രഡ് ഹാർട്ട് എൽ.പി പ്രധാനാധ്യാപിക സിസ്റ്റർ പൂർണിമ എന്നിവർ സംസാരിച്ചു. കൂട്ടുചേരലിന് ശേഷം ഉപഹാരമായി പുസ്തകങ്ങളും പോസ്റ്റ് കാർഡുകളും നൽകിയാണ് വിദ്യാലയത്തിലേക്ക് കുട്ടികളെ യാത്രയാക്കിയത്. സേക്രഡ് ഹാർട്ടിലെ 30 വിദ്യാർഥികൾ അടുത്തദിവസം മുബാറക്ക എൽ.പിയും സന്ദർശിക്കുന്നതോടെയാണ് കൂട്ടുചേരലിന് സമാപ്തിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.