'കുട്ടി ഡോക്ടർ' പദ്ധതി ജില്ലയിലും നടപ്പാക്കും ^മന്ത്രി കെ.കെ. ശൈലജ

'കുട്ടി ഡോക്ടർ' പദ്ധതി ജില്ലയിലും നടപ്പാക്കും -മന്ത്രി കെ.കെ. ശൈലജ കണ്ണൂർ: കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ആരോഗ്യ, മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'കുട്ടി ഡോക്ടർ' പദ്ധതി ജില്ലയിലും ആരംഭിക്കുമെന്ന് ആരോഗ്യ- സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് നടപ്പാക്കുന്ന 'ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളുടെ മാനസിക- ശാരീരിക ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാൻ കുട്ടികൾക്കിടയിൽനിന്നുതന്നെ പ്രതിനിധികളെ സൃഷ്ടിക്കുകയാണ് 'കുട്ടി ഡോക്ടർ' പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യം വയനാട്ടിലും തുടർന്ന് കാസർകോട്ടും പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി മികച്ച ഫലമാണ് ഉണ്ടാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ കണ്ണൂരിലും താമസിയാതെ തുടങ്ങും. ഇത്തരം ഇടപെടലുകളിലൂടെ വിദ്യാർഥികൾക്കെതിരെ വർധിച്ചുവരുന്ന ലൈഗിക അതിക്രമങ്ങളും ചൂഷണവും വലിയതോതിൽ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ജനിക്കാൻ പോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്ന കാലമാണിത്. വീട്ടിനകത്തു തന്നെ കുട്ടികൾ പീഡനത്തിനിരയാവുന്ന സംഭവം വർധിച്ചുവരുകയാണ്. കുട്ടികളോടുള്ള ഉത്തരവാദിത്തം എന്താണെന്ന് രക്ഷിതാക്കൾ ആദ്യം പഠിക്കണം. പരസ്പര ബഹുമാനത്തോടെ അച്ഛനമ്മമാർ കഴിയുന്ന ഗൃഹാന്തരീക്ഷത്തിലേ നല്ല കുട്ടികൾ വളരൂ. തങ്ങൾക്കുണ്ടാകുന്ന ദുരനുഭവങ്ങൾ പുറത്തുപറയാതെ ഉള്ളിൽ കൊണ്ടുനടക്കുന്ന കുട്ടികൾക്ക് പഠനമുൾപ്പെടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയില്ല. ലോകത്തോടുതന്നെ വെറുപ്പുള്ളവരായിട്ടാണ് അവർ വളർന്നുവരുക. ഇത്തരമൊരു അവസ്ഥ പരിഹരിക്കാനാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊലീസ് കോഓപറേറ്റിവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദ് അലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ടി.എ. മാത്യു, ജുവനൈൽ ജസ്റ്റിസ് ബോർഡ് മെംബർ സിസിലി ജോസഫ്, ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ യു. കരുണാകരൻ, ഹയർ സെക്കൻഡറി റീജനൽ െഡപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ, വൊക്കേഷനൽ ഹയർ സെക്കൻഡറി ജില്ല കോഒാഡിനേറ്റർ സിജു, ജില്ല സാമൂഹികനീതി ഓഫിസർ എം.എം. മോഹൻദാസ്, ശിശു സംരക്ഷണ സമിതി ഓഫിസർ അഞ്ജു മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.