പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം ചരിത്ര മ്യൂസിയമാകുന്നു

പയ്യന്നൂര്‍: സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനര്‍ഘനിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം സംരക്ഷിക്കാന്‍ നടപടിയാകുന്നു. ഇതിന്‍െറഭാഗമായി ആര്‍ക്കിയോളജി വിഭാഗം ഡയറക്ടര്‍ ജി. പ്രേംകുമാര്‍, പുരാരേഖ ഡയറക്ടര്‍ ഡോ. റജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച കെട്ടിടം സന്ദര്‍ശിച്ചു. കെട്ടിടം അതേരീതിയില്‍ നവീകരിക്കുന്നതിന്‍െറ ഭാഗമായി എന്‍ജിനീയറിങ് വിഭാഗം ഉടന്‍ സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കുമെന്ന് ഡയറക്ടര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ നിലവില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഭാഗം ഒഴിവാക്കിയായിരിക്കും നിര്‍മാണം നടത്തുക. മൂന്നു മാസത്തിനകം പ്രവൃത്തി തുടങ്ങാനാവുമെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടംപണി പൂര്‍ത്തിയായാല്‍ സ്വാതന്ത്ര്യസമര കാലത്തെ പുരാരേഖകള്‍ ഉള്‍പ്പെടുന്ന മ്യൂസിയം സ്ഥാപിക്കുമെന്ന് കൂടെയുണ്ടായിരുന്ന പുരാരേഖവകുപ്പ് ഡയറക്ടര്‍ ഡോ. റജികുമാര്‍ പറഞ്ഞു. കണ്ണൂര്‍ പൈതൃക മ്യൂസിയം ഓഫിസര്‍ കെ. ഹരികുമാര്‍, ക്യുറേറ്റര്‍ ആര്‍. രാജേഷ് കുമാര്‍, കെ.വി. ദേവദാസ്, കെ.വി. ഗിരീഷ്, വി. ബാലന്‍ ടി.സി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ചരിത്രമുറങ്ങുന്ന പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ അവസ്ഥ പുരാവസ്തുവകുപ്പ് മേധാവികള്‍ ചുറ്റിനടന്ന് കണ്ടു. അടിയന്തര നടപടി സ്വീകരിക്കാന്‍ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡയറക്ടര്‍മാര്‍ പയ്യന്നൂരിലത്തെിയത്. 1910ല്‍ നിര്‍മിച്ചതാണ് പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം. ക്വിറ്റിന്ത്യാ സമരത്തിന്‍െറ ഭാഗമായി സ്വാതന്ത്ര്യസമര പോരാളികള്‍ ബ്രിട്ടീഷ് പതാകയായ യൂനിയന്‍ ജാക്ക് അഴിച്ചുമാറ്റിയത് ഈ പൊലീസ് സ്റ്റേഷനു മുന്നിലെ കൊടിമരത്തില്‍ നിന്നായിരുന്നു. കൊടിമരത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തില്‍ എന്നും ഉജ്ജ്വലമായി തുടിച്ചുനില്‍ക്കുന്ന സംഭവമായിരുന്നു അത്. ഉപ്പുസത്യഗ്രഹം, ക്വിറ്റിന്ത്യാ സമരത്തിലെ മറ്റു സംഭവങ്ങള്‍, കമ്യൂണിസ്റ്റ്-കര്‍ഷക പോരാട്ടങ്ങള്‍ തുടങ്ങി ചരിത്രത്തിലെ ധീരോജ്ജ്വലമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്കും പഴയ പൊലീസ് സ്റ്റേഷന്‍ സാക്ഷിയായിരുന്നു. ഈ കെട്ടിടത്തിലെ ലോക്കപ്പ് മുറികളില്‍ നിരവധി ദേശാഭിമാനികള്‍ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.