കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളിലും ഘടക സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ളാന്‍റ്, എല്ലാ സ്കൂളുകളിലും ഷീ ടോയ്ലറ്റ്, സ്കൂളുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേക വിശ്രമമുറി തുടങ്ങിയ നിര്‍ദേശങ്ങളുമായി ജില്ലാ പഞ്ചായത്തിന്‍െറ കരട് വികസന രേഖ. ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷം പ്രതീക്ഷിക്കുന്ന 76.28 കോടി രൂപയുടെ അടങ്കലിന് 220 പദ്ധതികളാണ് കരട് പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പൊതുവിഭാഗത്തില്‍ 25,38,94,000 രൂപ, പ്രത്യേക ഘടക പദ്ധതി- 5,55,13,000 രൂപ, പട്ടികവര്‍ഗ ഉപപദ്ധതി-1,74,29,000 രൂപ എന്നിങ്ങനെ വികസന ഫണ്ടായി ആകെ 32,68,36,000 രൂപയാണ് പ്രതീക്ഷിക്കുന്നത്. മെയിന്‍റനന്‍സ് ഗ്രാന്‍റ് ഇനത്തില്‍ റോഡ് വിഭാഗത്തില്‍ 31,87,79,000 രൂപ, റോഡിതരം 7,13,54,000 രൂപ, തനത് ഫണ്ട് 4,59,00,000 രൂപ എന്നിങ്ങനെ ആകെ 76,28,69,000 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വികസന സെമിനാറിലാണ് ഇതടക്കമുള്ള പദ്ധതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ പൊതുസമൂഹത്തിന്‍െറ ഭാഗമായി അംഗീകരിക്കുകയെന്ന കാഴ്ചപ്പാടോടെ ഇവര്‍ക്കായി പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിക്കുന്നു. സ്കൂളുകളിലും ഘടക സ്ഥാപനങ്ങളിലും ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കാന്‍ 15683600 രൂപ, സ്കൂളുകളില്‍ ഷീ ടോയ്ലറ്റിന് 10983600 രൂപ, സ്കൂളുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വിശ്രമമുറി സ്ഥാപിക്കാന്‍ 14600000 രൂപ എന്നിങ്ങനെയാണ് കരട് പദ്ധതി രേഖയില്‍ വകയിരുത്തിയിട്ടുള്ളത്. സയന്‍സ് പാര്‍ക്കില്‍ പ്രദര്‍ശന വസ്തുക്കള്‍ വാങ്ങാന്‍ 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബഡ്സ് സ്കൂളുകള്‍ക്ക് 12 ലക്ഷം, സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് 70 ലക്ഷം, എസ്.സി കോളനികളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ 16213000 രൂപ എന്നിങ്ങനെയും നിര്‍ദേശമുണ്ട്. കാര്‍ഷിക മേഖലയില്‍ ജൈവകൃഷി വ്യാപനത്തിനും തരിശ് ഭൂമിയില്‍ കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും യന്ത്രവത്കരണത്തിനുമാണ് ഊന്നല്‍. വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് 35 ലക്ഷം, തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ 20 ലക്ഷം, നെല്‍കൃഷി വികസന പദ്ധതി 45 ലക്ഷം, കാര്‍ഷിക യന്ത്രവത്കരണം, ഷെഡുകള്‍ എന്നിവക്ക് രണ്ടുകോടി, വൃക്ഷ സമൃദ്ധി പദ്ധതിക്ക് അഞ്ചുലക്ഷം, ജൈവ പച്ചക്കറി വിപണന കേന്ദ്രം 2.5 ലക്ഷം എന്നിവയും കരട് രേഖയിലുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന് 10 ലക്ഷം രൂപ വകയിരുത്തി. കോഴി മാലിന്യം സംസ്കരിച്ച് ജൈവവളമാക്കുന്നതിന് ചട്ടുകപ്പാറയില്‍ പ്ളാന്‍റ് സ്ഥാപിക്കാനും പദ്ധതി നിര്‍ദേശമുണ്ട്. ഇതിന് 80 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇതിനായി മൂന്നുലക്ഷം രൂപ വകയിരുത്തി. ട്രാന്‍സ് ജെന്‍ഡര്‍ പദവി പഠനവും നയരൂപവത്കരണത്തിനും 10 ലക്ഷവും വകയിരുത്തുന്നു. വയോജന പരിരക്ഷക്ക് ആംബുലന്‍സ് വാങ്ങാന്‍ 20 ലക്ഷം, വയോജന സംരക്ഷണ പദ്ധതിക്ക് 8841800 രൂപ, പകല്‍ വീടുകള്‍ക്ക് ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ 20 ലക്ഷം എന്നിവയും ശ്രദ്ധേയമായ പദ്ധതി നിര്‍ദേശങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.