കായികരംഗം ജനകീയ പ്രസ്ഥാനമാക്കും –മന്ത്രി ഇ.പി. ജയരാജന്‍

തലശ്ശേരി: കായികരംഗം ജനകീയ പ്രസ്ഥാനമാക്കി മാറ്റുമെന്ന് കായിക-വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഇതിനായി സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് ഡയറക്ടറേറ്റും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. തലശ്ശേരി നഗരസഭ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്തിന്‍െറയും വ്യവസായങ്ങളുടെയും വളര്‍ച്ചക്ക് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമുണ്ട്. ഇതിനായി ബജറ്റില്‍ അര്‍ഹമായ തുകയും വകയിരുത്തിയിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് ഡയറക്ടറേറ്റും സമാന്തരമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സ്പോര്‍ട്സിന്‍െറ വളര്‍ച്ചക്ക് ഇവ രണ്ടും യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതിനാവശ്യമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കായിക വളര്‍ച്ചക്ക് ബജറ്റില്‍ വകയിരുത്തുന്ന തുകയില്‍ 80 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരണം. ജനങ്ങളുടെ ജീവിതത്തിന്‍െറ ഭാഗമായി കായികരംഗം മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതിന് സ്പോര്‍ട്സ് ജനകീയമാകണം. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയും. അതിനാവശ്യമായ സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം. എല്ലാ വിദ്യാലയങ്ങളിലും യോഗ പരിശീലിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ പ്രാവര്‍ത്തികമാക്കും. കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഴുവന്‍ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കുന്നതിനും പദ്ധതി രൂപവത്കരിച്ചിട്ടുണ്ട്. കണ്ണൂരില്‍ പുതിയ സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മിക്കും. ഇതിനായി രണ്ട് സ്ഥലങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ജോലി നേടിയെടുക്കുക മാത്രമായി മാറുകയാണ് കായിക താരങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജോലി കിട്ടുന്നതോടെ സ്പോര്‍ട്സ് ഇവര്‍ മറക്കുകയാണ്. പരമ്പരാഗത വ്യവസായങ്ങളുടെ വളര്‍ച്ചക്കും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. വ്യവസായത്തെയും വ്യവസായികളെയും സംരക്ഷിക്കുന്നതിലൂടെ മാത്രമേ തൊഴിലാളികളുടെ ക്ഷേമവും ഉണ്ടാവുകയുള്ളു. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ സംബന്ധിച്ചു. വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സി.കെ. രമേശന്‍ നഗരസഭയുടെ ഉപഹാരങ്ങള്‍ മന്ത്രി ഇ.പി. ജയരാജന് സമ്മാനിച്ചു. നഗരസഭയുടെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.