മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ 77 ദിവസം മാത്രം അവശേഷിക്കേ വിമാനത്താവളത്തിലേക്കുള്ള പ്രത്യേകം ശുദ്ധജല പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. ഇപ്പോള്‍ ദിനംപ്രതി 50 ലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി പ്രദേശത്ത് ഉപയോഗിക്കുന്നത്. ചാവശ്ശേരി ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ നിന്ന് 6.6 കോടി രൂപ ചെലവില്‍ 8.7 കിലോമീറ്റര്‍ നീളത്തില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് കുടിവെള്ളം സംഭരിക്കുക. 9.6 കോടി ചെലവ് കണക്കാക്കിയ കുടിവെള്ള പദ്ധതി ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പൈപ്പുകള്‍ എത്തിച്ചു കഴിഞ്ഞു. 250 എം.എം വ്യാസമുള്ള ഡക്ടൈല്‍ അയേണ്‍ പൈപ്പാണ് ചാവശ്ശേരി മുതല്‍ മൂര്‍ഖന്‍പറമ്പ് വരെ 8.7 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കുന്നത്. ഉറപ്പേറിയ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്ന അവസ്ഥ ഉണ്ടാകില്ളെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. 20 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന രണ്ടു ടാങ്കുകള്‍ സ്ഥാപിക്കുന്നുണ്ട്. പമ്പു ചെയ്യുന്നതിനുള്ള 350 എച്ച്.പിയുടെ രണ്ടു മോട്ടോറുകളും സ്ഥാപിക്കും. തമിഴ്നാട്ടില്‍ നിന്നാണ് ആവശ്യമായ പൈപ്പുകള്‍ കൊണ്ടുവന്നിട്ടുള്ളത്. നിലവില്‍ പദ്ധതി പ്രദേശത്തെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം എടുക്കുന്നതു മൂര്‍ഖന്‍ പറമ്പില്‍ നേരത്തേയുള്ള കിണറുകളില്‍ നിന്നും പുതുതായി കുഴിച്ച കുഴല്‍ക്കിണറുകളില്‍നിന്നുമാണ്. കുന്നുകളും താഴ്വരകളുമായിരുന്ന മൂര്‍ഖന്‍ പറമ്പില്‍ മലകള്‍ ഇടിച്ചു നിരത്തുകയും താഴ്വരകള്‍ മണ്ണിട്ടു നികത്തുകയും ചെയ്തതോടെ ജലസ്രോതസ്സുകള്‍ പലതും മൂടപ്പെട്ടു. കൈത്തോടുകളും നീര്‍ച്ചാലുകളും ഇല്ലാതായ സാഹചര്യത്തില്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുമ്പോള്‍ ശുദ്ധജലം കിട്ടാന്‍ പ്രയാസമുണ്ടാകരുതെന്നു കണ്ടാണ് പ്രത്യേക ശുദ്ധജല പദ്ധതിക്കു രൂപം നല്‍കിയത്. മലകള്‍ നിരപ്പാക്കിയതോടെ മഴക്കാലത്ത് പലദിശകളില്‍ നിന്നു കുത്തിയൊലിച്ചു വന്നേക്കാവുന്ന വെള്ളത്തിന്‍െറ സുഗമമായ ഒഴുക്കിനു പലമേഖലകളിലും കള്‍വെര്‍ട്ടുകള്‍ നിര്‍മിച്ച് പൈപ്പുകള്‍ ഇട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മഴക്കാലത്ത് താഴ്വരയിലെ വീട്ടുപറമ്പുകളില്‍ മലവെള്ളം കുത്തിയൊഴുകി വന്നു പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് കള്‍വെര്‍ട്ടുകള്‍ നിര്‍മിച്ച് പൈപ്പുകള്‍ ഇട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.