പ്രചാരണ ചൂടിലേക്ക് പാര്‍ട്ടികള്‍

കണ്ണൂര്‍/തലശ്ശേരി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കുന്നതോടെ ഇനി പ്രചാരണച്ചൂടിന്‍െറ നാളുകള്‍. ജില്ലാ പഞ്ചായത്തിലേക്ക് 62 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ഇന്നലെ മാത്രം 55 പത്രികകളാണ് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ മുമ്പാകെ സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിനമാണ് ബുധനാഴ്ച. വൈകീട്ടു മൂന്നുമണിവരെ പത്രിക സ്വീകരിക്കും. വ്യാഴാഴ്ച സൂക്ഷ്മ പരിശോധനയും ശനിയാഴ്ച പിന്‍വലിക്കാനുള്ള സമയവും കഴിയുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കുമെങ്കിലും യു.ഡി.എഫിലും ബി.ജെ.പിയിലും സ്ഥാനാര്‍ഥികള്‍ മുഴുവനായി തീരുമാനമായില്ല. തിങ്കളാഴ്ച തന്നെ തലശ്ശേരി നഗരസഭയിലെ 52 വാര്‍ഡുകളിലേക്കും പത്രിക സമര്‍പ്പിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണമാരംഭിച്ചു. തങ്ങള്‍ക്ക് കിട്ടിയ വാര്‍ഡുകളില്‍ ഭൂരിഭാഗവും സ്ത്രീസംവരണമായതിനാല്‍ മുസ്ലിംലീഗിലെ പ്രമുഖര്‍ ഇത്തവണ മത്സരരംഗത്തില്ല. 52 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് 33ഉം മുസ്ലിംലീഗിന് 17ഉം ജനതാദളിന് (യു) രണ്ടും സീറ്റുമാണ് വിഭജിച്ചുനല്‍കിയത്. ഇതില്‍ ഏഴിടങ്ങളില്‍ ചൊവ്വാഴ്ച പത്രിക സമര്‍പ്പിച്ചു. പി.പി. സാജിദ (ചേറ്റംകുന്ന്), കെ.പി. അഫ്നിത (ചിറക്കര), സൗജത്ത് (സൈദാര്‍പള്ളി), ടി.എം. റുബ്സീന (മട്ടാമ്പ്രം), തസ്നി ഫാത്തിമ (കായ്യത്ത്), ഗീത (കുഴിപ്പങ്ങാട്), എം.എം.എ. നാസര്‍ (പുന്നോല്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. നഗരത്തിന് തൊട്ടടുത്തുള്ള മൂന്ന് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനായി ചരടുവലിക്കുന്നവരെ ചൊവ്വാഴ്ച രാത്രിയോടെ അനുനയിപ്പിച്ച് ബുധനാഴ്ച പത്രിക നല്‍കും. മറ്റ് വാര്‍ഡുകളിലേക്കുള്ള സ്ത്രീ സ്ഥാനാര്‍ഥികളെയും തീരുമാനിച്ച ശേഷം പ്രകടനമായി പത്രിക സമര്‍പ്പിക്കാന്‍ ഇന്ന് നഗരസഭയിലത്തെും. കോണ്‍ഗ്രസില്‍ കോടിയേരി ഭാഗത്തെ 13ല്‍ 12 വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തലശ്ശേരി ഭാഗത്ത് അഞ്ച് വാര്‍ഡുകളിലും പത്രിക നല്‍കി. തര്‍ക്കമുന്നയിക്കുന്ന നാല് വാര്‍ഡുകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഡി.സി.സിക്ക് വിട്ടു. തലശ്ശേരി ഭാഗത്ത് ഗ്രൂപ്പുകള്‍ക്കുള്ളിലെ അടിപിടിയില്‍ ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. ബുധനാഴ്ച പകല്‍ തീരുമാനമാക്കിയശേഷം പത്രിക സമര്‍പ്പിക്കാനാണ് ലക്ഷ്യം. നേതൃത്വത്തിന്‍െറ തീരുമാനം തള്ളി വിമതശബ്ദമുയരാനും സാധ്യതയുണ്ട്.40 വാര്‍ഡുകളില്‍ മത്സരിക്കുന്ന ബി.ജെ.പി 18 വാര്‍ഡുകളില്‍ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നഗരസഭയിലെ ആറ് വാര്‍ഡുകളിലേക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മത്സരിക്കുന്ന മറ്റ് വാര്‍ഡുകളില്‍ ബുധനാഴ്ച സമര്‍പ്പിക്കും. തലശ്ശേരി ബ്ളോക് പഞ്ചായത്തിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച റിട്ടേണിങ് ഓഫിസര്‍, സബ് കലക്ടര്‍ നവ്ജോത് ഖോസക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. രവീന്ദ്രന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പ്രദീപ് പുതുക്കുടി ഉള്‍പ്പെടെ 14 വാര്‍ഡുകളിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുകുന്ദന്‍ മഠത്തില്‍, സി.പി.എം പിണറായി ഏരിയാ സെക്രട്ടറി പി. ബാലന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.