പണവും വാച്ചും കവര്‍ന്ന കള്ളന്‍ വയറുനിറച്ചു മടങ്ങി

പയ്യന്നൂര്‍: പയ്യന്നൂര്‍ മകുന്ദാ ആശുപത്രി പരിസരത്തെ കാന്‍റീനില്‍ അഞ്ചാം തവണയും കള്ളന്‍ കയറി. പതിവുപോലെ കവര്‍ച്ച മാത്രമല്ല ചപ്പാത്തിയും അയലക്കറിയും കഴിച്ചാണ് ബുധനാഴ്ച രാത്രിയിലും മടങ്ങിയത്. കാനായിയിലെ തെക്കുംകര ബാലകൃഷ്ണന്‍െറ ഉടമസ്ഥതയിലുള്ള കാന്‍റീനില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നാലു തവണ കവര്‍ച്ച നടന്നിരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ചിന് കാന്‍റീന്‍ തുറക്കാനത്തെിയപ്പോഴാണ് അഞ്ചാം തവണയും കള്ളന്‍ കയറിയത് അറിയുന്നത്. മേശവലുപ്പിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട കള്ളന്‍ 2000ത്തോളം രൂപയും വിലപിടിപ്പുള്ള ലേഡീസ് വാച്ചും 30 പാക്കറ്റ് സിഗരറ്റും കവര്‍ന്നു. റഫ്രിജറേറ്റര്‍ തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന അയലയും മത്തിയും കറിവെച്ച് ചപ്പാത്തിയും കഴിച്ചാണ് സ്ഥലം വിട്ടത്. റഫ്രിജറേറ്ററില്‍ നിന്ന് വെള്ളവും പഴവും എടുത്തിട്ടുണ്ട്. കട്ടന്‍ചായ ഉണ്ടാക്കിയതായും പറയുന്നു. അടിക്കടിയുണ്ടാവുന്ന കവര്‍ച്ച കാരണം വാതിലുകള്‍ പൂട്ടിട്ട് ഭദ്രമാക്കിയതിനാല്‍ വെന്‍റിലേറ്ററിന്‍െറ കമ്പി വളച്ചാണ് ഇക്കുറി അകത്ത് കയറിയത്. പുറത്തുകടക്കാന്‍ പിന്‍വാതില്‍ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഹോട്ടലിലെ കത്തിയും കത്തിവാളും ഇവിടെ ഉപേക്ഷിച്ചതായി കണ്ടത്തെി. കാന്‍റീനില്‍ കവര്‍ച്ചാ പരമ്പര നടക്കുന്നതിനെതിരെ ബാലകൃഷ്ണന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനു കഴിഞ്ഞ മാസം 21ന് പരാതി നല്‍കിയ ശേഷം ഒരുമാസം പിന്നിട്ടപ്പോഴാണ് വീണ്ടും കവര്‍ച്ച. എന്നാല്‍, കാന്‍റീനോടൊപ്പം കയറാറുള്ള തൊട്ടടുത്ത കണ്ണന്‍സ് കഫെ, ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ്, സൈക്കിള്‍ കട എന്നിവ ഇക്കുറി ഉപേക്ഷിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും അടുക്കള കള്ളന്‍ വിടാതെ പിന്തുടരുന്നത് തൊഴിലിനെ തന്നെ ബാധിക്കുന്ന സ്ഥിതിയാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.