കാറിൽനിന്ന്​ സ്വർണാഭരണങ്ങളും പണവും മോഷണം പോയി

തൊടുപുഴ: നഗരത്തിൽ‍ തിരക്കേറിയ റോഡരികിൽ പാർക്ക് ചെയ്ത കാറിൽനിന്ന് മൂന്നു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മൊബൈൽ ഫോണും ബാങ്ക് ചെക്ക് ഉൾപ്പെടെ രേഖകളും നഷ്ടപ്പെട്ടതായി പരാതി. നഗരത്തിൽ കൈതക്കോട് താമസിക്കുന്ന ആലപ്പാട്ട് വിൻസൻറിൻെറ പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. വിമുക്ത ഭടനായ വിൻസൻറ് എസ്.ബി.െഎ ശാഖയിൽനിന്ന് വായ്പയെടുത്ത ശേഷം നഗരത്തിലും മങ്ങാട്ടുകവലയിലുമായി രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ രണ്ടു ലക്ഷം രൂപക്ക് പണയം െവച്ചിരുന്ന സ്വർണാഭരണങ്ങൾ തിരിച്ചെടുത്തു. ഈ സ്വർണവും ബാക്കിയുണ്ടായിരുന്ന ഒരു ലക്ഷം രൂപയും രേഖകളും കാറിൽെവച്ചിട്ട് മീൻ കടയിൽ കയറി എന്നു പറയുന്നു. മീൻ വാങ്ങി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കാറിൽെവച്ചിരുന്ന സ്വർണവും പണവും രേഖകളും കാണാതായ വിവരം അറിയുന്നത്. ഇതേതുടർന്ന് കടയിലും മറ്റും അന്വേഷണം നടത്തിയെങ്കിലും സൂചന ഒന്നും ലഭിച്ചില്ല. പിന്നീട് തൊടുപുഴ സി.ഐക്ക് പരാതി നൽകിയതിനെ തുടർന്ന് കാർ പാർക്ക് ചെയ്തിരുന്ന ഭാഗത്തെത്തി പൊലീസ് പരിശോധന നടത്തി. മാല മോഷ്ടാക്കളെ നേരിടുന്നതിനിടെ കാറിനു മുന്നിലകപ്പെട്ട് വീട്ടമ്മക്ക് പരിക്ക് തൊടുപുഴ: ബൈക്കിലെത്തിയ മാലമോഷ്ടാക്കളെ നേരിടുന്നതിനിടെ വീട്ടമ്മ കാറിനു മുന്നിൽപെട്ടു. കാലിനു മുകളിലൂടെ കാർ കയറി പരിക്കേറ്റ പാറക്കടവ് നടുത്തൊട്ടിയിൽ അനിത രാജുവിനെ (44) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എേട്ടകാലോടെ തൊടുപുഴ-പാറക്കടവ് റോഡിലാണ് സംഭവം. റോഡിലൂടെ നടന്നുപോകവെ അനിതയുടെ പുറകെ ബൈക്കിലെത്തിയ രണ്ടുപേർ മാല കവരുകയായിരുന്നു. പിടിവലിക്കിടെ ബൈക്കിൻെറ നിയന്ത്രണം പോകുകയും മോഷ്ടാക്കൾ റോഡിൽ വീഴുകയും ചെയ്തു. മാല വീണ്ടെടുക്കാൻ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ അനിത പുറകെവന്ന കാറിനു മുന്നിൽപെടുകയായിരുന്നു. അനിതയുടെ കാലിൽക്കൂടി കാർ കയറിയിറങ്ങി. ഇതിനിടെ മോഷ്ടാക്കൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കാറും നിർത്താതെ പോയി. അനിതയുടെ കരച്ചിൽ കേട്ടോടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഉടൻ പൊലീസും സംഭവസ്ഥലത്തെത്തി. മൂന്നേമുക്കാൽ പവൻെറ മാലയുടെ പകുതിലധികം മോഷ്ടാക്കൾ പൊട്ടിച്ചെടുത്തെന്നും പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നും തൊടുപുഴ എസ്.ഐ എം.പി. സാഗർ പറഞ്ഞു. ബൈക്ക് മോഷണം; യുവാവ് പിടിയിൽ തൊടുപുഴ: ബൈക്ക് മോഷണക്കേസില്‍ യുവാവ് പിടിയിലായി. തെക്കുഭാഗം കമ്പിപ്പാലത്തിനു സമീപം താമസിക്കുന്ന കണിയാംതടത്തില്‍ വിനയരാജിനെയാണ് (20) എസ്‌.ഐ എ.എച്ച്. ഷാജി, എ.എസ്.െഎ സൗജേഷ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാഞ്ഞിരമറ്റത്ത് പ്രവര്‍ത്തിക്കുന്ന വനിത ഫുഡ് ഇന്‍ഡസ്ട്രീസിലെ ജോലിക്കാരനായ വടക്കുംമുറി സ്വദേശി കിരണ്‍ബേബിയുടെ പള്‍സര്‍ ബൈക്കാണ് കഴിഞ്ഞ മൂന്നിന് മോഷണം പോയത്. ഒന്നര ലക്ഷത്തോളം വില വരുന്ന ബൈക്ക് പ്രതി വാഹനം സൂക്ഷിച്ചിരുന്ന ഷെഡില്‍നിന്ന് മോഷ്ടിക്കുകയായിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെ ഇയാള്‍ നമ്പര്‍ മാറ്റിയ ബൈക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് മാറ്റി ഒളിപ്പിച്ചിരുന്ന ബൈക്കും കണ്ടെടുത്തു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.