പീരുമേട്: പാമ്പനാർ കല്ലാർ എസ്.എൻ കോളജിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ മുന്നറിയിപ്പുമായി എസ്.എൻ.ഡി.പി യോഗം. കോളജിൻെറ പ്രവർത്തനം തടസ്സപ്പെടുത്തി സ്ഥാപനം നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. എസ്.എൻ.ഡി.പിയുടെയും കോളജ് സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പാമ്പനാറ്റിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു ഇത്. പഴയ പാമ്പനാറിൽനിന്ന് പ്രകടനമായാണ് പ്രവർത്തകർ സമ്മേളനത്തിന് എത്തിയത്. കോളജിൽ നടന്നുവന്ന സമരം എസ്.എഫ്.ഐ ജില്ല കമ്മിറ്റി ഏറ്റെടുത്തതോടെയാണ് കോളജ് പൂട്ടിയത്. അധ്യയനം തടസ്സപ്പെടുത്തി സമരം തുടർന്ന സാഹചര്യത്തിലാണ് കോളജ് അടച്ചിടേണ്ടി വന്നതെന്നാണ് കോളജ് അധികൃതർ പറയുന്നത്. അധ്യാപികയെയും വിദ്യാർഥികളെയും ക്ലാസ് മുറിയിൽ പൂട്ടിയിട്ടതടക്കം നടപടികളുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥിയെ തിരിച്ചെടുക്കാത്തതാണ് തുടക്കം. തർക്കങ്ങൾക്കിടെ കോളജിൻെറ മുന്നിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐയുടെ കൊടിമരം തകർക്കപ്പെട്ടത് പ്രകോപനമായി. അതിനിടെ 12 വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു. ചിലരെ തിരിച്ചെടുത്തെങ്കിലും മറ്റുള്ളവരെ പ്രവേശിപ്പിക്കില്ലെന്നാണ് മാനേജ്മൻെറ് നിലപാട്. ആരോപണവിധേയനായ വിദ്യാർഥിയെയും പിതാവിനെയും കോളജിൽ വിളിച്ചുവരുത്തി വിശദീകരണം തേടുന്നതിനിടെ പ്രിൻസിപ്പലിൻെറ നേതൃത്വത്തിൽ മർദിച്ചെന്ന ആരോപണവും ഉയർത്തിയാണ് എസ്.എഫ്.ഐ ജില്ല നേതൃത്വം തന്നെ സമരം ഏറ്റെടുത്തത്. കോളജിനു മുന്നിൽ സമരം ആരംഭിച്ചശേഷം അധ്യയനം നടന്നിട്ടില്ല. വിദ്യാർഥി സമരത്തെ ശക്തമായി നേരിടുമെന്ന് വിശദീകരണ യോഗത്തിൽ സംസാരിച്ച എസ്.എൻ.ഡി.പി യോഗം നേതാക്കൾ പറഞ്ഞു. യോഗം അസി.സെക്രട്ടറി കെ.ഡി. രമേശ് അധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സി. ഡയറക്ടർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പീരുമേട് യൂനിയൻ പ്രസിഡൻറ് സി.എൻ. ഗോപി വൈദ്യർ, മലനാട് യൂനിയൻ പ്രസിഡൻറ് ബിജു മാധവൻ, നെടുങ്കണ്ടം യൂനിയൻ പ്രസിഡൻറ് സജി പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.