കട്ടപ്പന: ജില്ലയിലെ ആദ്യ നാല് വില്ലേജ് ഓഫിസുകളിൽ ഒന്നായ വണ്ടന്മേട്ടിൽ കൗതുകമായി 1896 മുതലുള്ള പുരാതന രേഖകൾ. 2013 മു തൽ ജീവനക്കാരുടെ മുൻകൈയോടെ ഓഫിസിനോട് ചേർന്നൊരുക്കിയ പ്രത്യേക മുറിയിലാണ് രേഖകൾ വിന്യസിച്ചിട്ടുള്ളത‌്. വില്ലേജ് ഓഫിസർ കെ.കെ. സെലീന ഉൾപ്പെടെ ആറ‌് ഉദ്യോഗസ്ഥരാണ് ഇൗ പൈതൃക മ്യൂസിയം പരിപാലിക്കുന്നത‌്. ഏല കൃഷിയിലൂടെ ഏറ്റവുമധികം നികുതിപ്പണം ലഭിച്ചിരുന്ന വണ്ടന്മേട്, ഉടുമ്പൻചോല, ശാന്തൻപാറ വില്ലേജുകൾ തലച്ചുമടായി പണവും അമൂല്യവസ്തുക്കളും ദേവികുളത്ത് എത്തിച്ചിരുന്നു. കുതിരപ്പുറത്ത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ദുർഘടം നിറഞ്ഞ പാതയിലൂടെയായിരുന്നു യാത്ര. 1932ൽ സ്വയരക്ഷക്കായി തിരുവിതാംകൂർ രാജ്യം വണ്ടന്മേട്, ഉടുമ്പൻചോല, ശാന്തൻപാറ വില്ലേജുകൾക്ക് തോക്ക‌് നൽകിയിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ശാന്തൻപാറയും ഉടുമ്പൻചോലയും തോക്ക‌് തിരിച്ചുനൽകി. എന്നാൽ, വണ്ടന്മേട് ലൈസൻസ് പുതുക്കി റൈഫിൾ സൂക്ഷിച്ചുപോന്നു. പിന്നീട് സുരക്ഷ പ്രശ്നം മുൻനിർത്തി 2016ലാണ് റൈഫിൾ പൈനാവ് പൊലീസ് ക്യാമ്പിലേക്ക് മാറ്റുന്നത്. കഴിഞ്ഞ 119 വർഷത്തെ പൈതൃകത്തിെൻറയും ചരിത്രത്തിെൻറയും ഭാഗമായി പഴയ വില്ലേജ് മന്ദിരം, കുതിരലായം എന്നിവ ഇപ്പോഴും നിലനിൽക്കുന്നു. അതോടൊപ്പം പുരാതന രേഖകൾ സംരക്ഷിക്കുകയും ചെയ്യുന്നു. 1928 മുതലുള്ള ദൈനംദിന മഴക്കണക്ക് രജിസ്റ്റർ ചരിത്ര വിദ്യാർഥികൾക്ക‌് അറിവുപകരും. 1992ലെ റിവൈസ്ഡ് പുതുവയൽ റൂൾസ് പ്രകാരം ഭൂമി പതിച്ചുനൽകുന്നത് സംബന്ധിച്ച ഒഴുക് ഫയൽ, ഏലത്തോട്ടം വക തണ്ടപ്പേർ രജിസ്റ്റർ, സർക്കാർ കുത്തക അവസാനിപ്പിച്ച് സ്വകാര്യ വ്യക്തികൾക്ക് ഏലക്കൃഷി അനുവദിച്ചുള്ള ദർഘാസ‌് രജിസ്റ്റർ, വണ്ടന്മേട് അമിനാവ് ഹാജർ പുസ്തകം, ഏലത്തോട്ട പട്ടയം, ഏലത്തോട്ടം ലേല നോട്ടീസ്, പെരുമ്പാവൂർ അസിസ്റ്റൻറ് പേഷ‌്കാരുടെ സർക്യൂട്ട് പ്രോഗ്രാം, 1910ലെ സെൻസസ് വിവരങ്ങൾ, പുതുവയൽ റൂൾ, നഞ്ചപുഞ്ച പതിവിനുള്ള പട്ടയം, കാർഡമം ട്രഷറി രസീത് തുടങ്ങിയ രേഖകളാണ് മ്യൂസിയത്തിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.