പ്രളയ​െക്കടുതി: കുട്ടികളടക്കം 278 പേർ കടുത്ത മാനസിക സമ്മർദത്തിലെന്ന്​ സർവേ

തൊടുപുഴ: ഇടുക്കിയിൽ അപ്രതീക്ഷിതമായി ഉണ്ടായ മഹാദുരന്തത്തെ തുടർന്ന് 278 പേർ കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകുന്നതായി മാനസികാരോഗ്യ സർവേ. ആരോഗ്യ വകുപ്പി​െൻറ നിർദേശപ്രകാരം ജില്ലയിലെ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി മനോരോഗ വിദഗ്ധർ അടങ്ങിയ പ്രത്യേക സംഘം നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 1125 ദുരിതബാധിത വീടുകൾ സന്ദർശിച്ചും 7096 പേരെ നേരിട്ടുകണ്ടും ബംഗളൂരു നിംഹാൻസിൽനിന്ന് എത്തിയ സോഷ്യൽ വർക്കേഴ്സി​െൻറ സഹകരണത്തിലാണ് സർവേ പൂർത്തിയാക്കിയത്. ദുരന്തശേഷം പലരിലും വിഷാദം, ഉത്കണ്ഠ രോഗങ്ങൾ തുടങ്ങിയവ കൂടുതലായി കണ്ടെത്തി. ഒേട്ടറെ കുട്ടികൾ പലവിധങ്ങളായ മാനസിക സമ്മർദത്തിൽ അടിമപ്പെട്ടതായി കണ്ടെത്തി. ദുരന്തചിന്തകൾ ആവർത്തിച്ച് വരുക, ഉറക്കക്കുറവ്, ഞെട്ടൽ, പേടി, കടുത്ത മാനസികസമ്മർദം തുടങ്ങിയവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുട്ടികളിലെ മാനസികസമ്മർദം കുറക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനുമായി ശിശുസംരക്ഷണ സമിതിയുമായി ആലോചിച്ച് കൃത്യമായ മാർഗനിർദേശം സ്കൂളുകളിൽ നൽകാൻ തീരുമാനിച്ചു. കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂർ പി.ടി ക്ലാസ് സംഘടിപ്പിക്കണം. ഒറ്റതിരിഞ്ഞ് ഇരിക്കുന്ന കുട്ടികളെ കണ്ടെത്തി വേണ്ട കൗൺസലിങ് നൽകാനും വിനോദത്തിനും കായിക പരിശീലനത്തിനും പ്രത്യേക സമയം കണ്ടെത്താനും സ്കൂളുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകാനും മാനസിക ആരോഗ്യ വിദഗ്ധർ നിർദേശം നൽകി. ജില്ലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ അഞ്ച് ഡോക്ടർമാർ ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. ജില്ല നോഡൽ ഒാഫിസർ ഡോ. അമൽ എബ്രഹാമിന് ഒപ്പം ജില്ലയിലെ മറ്റ് മാനസികാരോഗ്യ വിദഗ്ധരായ ഡോ. അജു ജോസ്, ഡോ. സിറിയക്, ക്ലിനിക്കൽ സൈകോളജിസ്റ്റ് ആൽബിൻ എൽേദാസ്, നീന എം. ജോർജ് (പി.എസ്.ഡബ്ല്യു), ദീപുമോൻ (സ്റ്റാഫ് നഴ്സ്) തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ജില്ല മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ 19 സർക്കാർ ആശുപത്രികളിൽ മാസത്തിൽ ഒരുദിവസം മാനസികാരോഗ്യ ചികിത്സ നടത്തുന്നുണ്ട്. ഇവിടെ മരുന്നുകളും ചികിത്സയും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496886418. ക്ലാസുകള്‍ ബഹിഷ്‌കരിച്ച് മൂന്നാർ ഗവ. കോളജ് വിദ്യാർഥികൾ മൂന്നാർ: മണ്ണിടിച്ചിലിൽ നശിച്ച മൂന്നാർ ഗവ. കോളജിന് പകരം ക്ലാസ് നടത്താൻ അധികൃതർ കണ്ടെത്തിയ കെട്ടിടം വിദ്യാർഥികൾ നിരസിച്ചു. പശുത്തൊഴുത്തിന് തുല്യമായ കെട്ടിടത്തില്‍ പഠിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ച് വിദ്യാർഥികൾ വെള്ളിയാഴ്ച ക്ലാസ് ബഹിഷ്കരിച്ചു‍. പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാർ-ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നാർ ഗവ. കോളജ് കെട്ടിടം പൂർണമായി തകര്‍ന്നിരുന്നു. 40 ദിവസത്തോളം പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കാൻ കോളജ് വിദ്യാഭ്യാസ വകുപ്പ് െഡപ്യൂട്ടി ഡയറക്ടറടക്കം മൂന്നാറിലെത്തി നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, കോളജ് െഡപ്യൂട്ടി ഡയറക്ടര്‍ കണ്ടെത്തിയ മുറികള്‍ നല്‍കിയില്ലെന്നാണ് ആക്ഷേപം. എൻജിനീയറിങ് കോളജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് വിദ്യാർഥികളുടെ തുടര്‍പഠനത്തിനായി െഡപ്യൂട്ടി ഡയറക്ടര്‍ കണ്ടെത്തിയതെന്നും എന്നാല്‍, കാമ്പസിന് പുറത്ത് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ കാലികള്‍ മേയുന്ന മുറികളാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ളവര്‍ കണ്ടെത്തിയതെന്നും വിദ്യാർഥികൾ പറയുന്നു. കെട്ടിടത്തില്‍ തറയടക്കം തകര്‍ന്നുകിടക്കുകയാണ്. ഒരു ഹാൾ ആറ് ക്ലാസ് മുറികളായി തിരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസ് നടത്തുന്നത്. മൂന്നാറില്‍ സര്‍ക്കാറി​െൻറ നിരവധി കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കി അടഞ്ഞുകിടക്കുന്നത്. ഇത്തരം കെട്ടിടങ്ങളില്‍ ഒന്ന് കോളജി​െൻറ പ്രവര്‍ത്തനത്തിനായി നല്‍കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.