തൊടുപുഴ: രണ്ടു വര്‍ഷത്തിനിടെ ജില്ലയിലെ ഡാമുകളടക്കം ജലാശയങ്ങളില്‍ വീണ് മരിച്ചത് ഇരുപതോളം കുട്ടികള്‍. ജില്ലയിലെ ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും മരണക്കെണികളാകുമ്പോള്‍ വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയാതെ അധികൃതര്‍ ഇരുട്ടില്‍ തപ്പുകയാണ്. ശനിയാഴ്ച കല്ലാര്‍കുട്ടി അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ പ്ളസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചതാണ് ഒടുവിലത്തെ സംഭവം. കല്ലാര്‍, പൊന്മുടി, മുതിരപ്പുഴ, അമ്പഴച്ചാല്‍, കുണ്ടള, മാട്ടുപ്പെട്ടി, ആറ്റുകാട്, ദേവിയാര്‍ പുഴകളിലും ജലാശയങ്ങളിലും മുങ്ങിമരിച്ചവരുടെ നീണ്ട പട്ടികയുണ്ട്. ഹൈറേഞ്ചിലത്തെുന്ന വിനോദസഞ്ചാരികളാണ് ഇവരില്‍ കൂടുതല്‍. ഓണാവധി ആഘോഷിക്കാന്‍ മൂന്നാറിലത്തെിയ എട്ടംഗ സംഘത്തിലെ അഞ്ചു യുവാക്കളാണ് 2010ത്തില്‍ കുണ്ടള ജലാശയത്തില്‍ മുങ്ങി മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂര്‍ കൂട്ടത്തിങ്കല്‍ ശ്രീജിത് (25), കുളത്തൂര്‍ കൊന്നവിളാകം സ്വദേശി രതീഷ് (25), അരശുംമൂട് കണിയാംവിളയില്‍ രാജേഷ് (20), അരശുംമൂട് അമ്പിളി ഹൗസില്‍ മനു മോഹന്‍ (18) വാരികാട്ട് വി.ബി. മന്ദിരത്തില്‍ ഭരത് (24) എന്നിവരാണ് മരിച്ചത്. പൊന്മുടി ജലാശയത്തില്‍ നെടുങ്കണ്ടം സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചത് രണ്ടുവര്‍ഷം മുമ്പാണ്. ഹൈറേഞ്ച് കാണാനത്തെിയ ഹൈദരാബാദുകാരായ നവദമ്പതിമാരില്‍ വരന്‍ മാങ്കുളത്തിനു സമീപം വിരിപാറയില്‍ തോട്ടിലെ കുഴിയില്‍വീണ് മരിച്ചത് നാട്ടുകാര്‍ മറന്നിട്ടില്ല. നെടുങ്കണ്ടത്തിനടുത്ത് കുളത്തില്‍ വീണ് രണ്ടും നാലും വയസ്സുള്ള സഹോദരങ്ങള്‍ മുങ്ങിമരിച്ചത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവമാണ്. ആന്‍മരിയ, ഇമ്മാനുവേല്‍ എന്നീ കുട്ടികളാണ് മരിച്ചത്. 2015ല്‍ കട്ടപ്പനക്കടുത്ത് വെള്ളിലാംകണ്ടത്ത് എഡ്വിനെന്ന രണ്ടര വയസ്സുകാരന്‍ വീടിനോട് ചേര്‍ന്ന ചെറിയ കുളത്തില്‍ വീണ് മരിച്ചതും പുഷ്പക്കണ്ടത്ത് ചെക്ക്ഡാമിനായി പണിത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദങ്ങള്‍ മരിച്ചതും അടുത്തിടെയാണ്. ജില്ലയിലെ അണക്കെട്ടുകളുടെയും ജലാശയങ്ങളുടെയും പ്രത്യേകതകള്‍ അറിയാത്തവരാണ് അപകടത്തില്‍പെടുന്നവരിലേറെയും. അടുത്തിടെ കുടയത്തൂരിനു സമീപം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ യുവാവും മരിച്ചിരുന്നു. അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.