തൊടുപുഴ: ആഴ്ചകൾ നീണ്ട പ്രചാരണ പോരുകൾക്കൊടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മലയോര ജില്ല വിധിയെഴുതി. ഹൈറേഞ്ചിലും ലോ റേഞ്ചിലുമായി ജില്ലയിലിതുവരെ 71.71 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 9,12,133 വോട്ടർമാരിൽ 6,54,070 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമെല്ലാം ആവേശകരമായ പോളിങ്ങായിരുന്നു. എന്നാൽ, 2020നെ അപേക്ഷിച്ച് പോളിങ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാഴ്ത്തി.
ഒടുവിലെ കണക്കുകൾ പ്രകാരം നഗരസഭകളിൽ തൊടുപുഴയാണ് മുന്നിൽ. ഇവിടെ 79.17 ശതമാനമാണ് പോളിങ്. കട്ടപ്പനയിൽ 70.67 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളിൽ ഇളംദേശമാണ് മുന്നിൽ ഇവിടെ 76.49 ശതമാനമാണ് പോളിങ്. 74.72 ശതമാനവുമായി തൊടുപുഴയാണ് തൊട്ട് പിന്നിൽ. ദേവികുളം- 70.02, നെടുങ്കണ്ടം- 74.41, ഇടുക്കി- 68.03, കട്ടപ്പന- 72.38, അഴുത- 67.31, അടിമാലി- 69.37 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ്.
ചൊവ്വാഴ്ച രാവിലെ ആറിന് അതത് പോളിങ് സ്റ്റേഷനുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക് പോളിങ് നടന്നു. തുടർന്ന് ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ഈ സമയം തന്നെ ജില്ലയിലെ വിവിധ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. ഇതോടെ വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടതോടെ ജില്ലയിലെ പോളിങ് 6.95 ശതമാനം രേഖപ്പെടുത്തി.
10 മണിയായതോടെ പോളിങ് ശതമാനം കുത്തനെ ഉയർന്നു. ഈ സമയത്ത് 21.32 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വീണ്ടും ഒരു മണിക്കൂർ പിന്നിട്ടതോടെ പോളിങ് 30.32ലെത്തി.ഉച്ചക്ക് ഒരുമണിക്ക് ഇത് 46.47 ആയി ഉയർന്നു. രണ്ടുമണിക്ക് പോളിങ് ശതമാനം 53.21 ആയി. മൂന്നിന് 59.03 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.തോട്ടം മേഖലകളിലടക്കം ആവേശത്തോടെ വോട്ടർമാർ പോളിങ് ബൂത്തിലെത്തിയെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ കനത്ത പോളിങ്ങാണ് നടന്നത്. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡായ മുണ്ടിയെരുമ രണ്ടാം ബൂത്തില്‍ വോട്ടുയന്ത്രം തകരാറിലായതോടെ ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉടുമ്പന്‍ചോലയിലെ പ്രശ്നബാധിത ബൂത്തുകളിൽപോലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. രാവിലെ തോട്ടംമേഖലയിലെ ബൂത്തുകളില്‍ കനത്ത പോളിങ്ങാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ ടൗണ്‍ മേഖലയിലെ ബൂത്തുകളിലായിരുന്നു പോളിങ് ശതമാനം വര്‍ധിച്ചത്. നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട് പൊലീസ് സ്റ്റേഷന് പരിധികളിലെല്ലാം പോളിങ് സമാധാനപരമായിരുന്നു.
ചെറുതോണി: ജില്ല ആസ്ഥാനമേഖലയില്‍ ഒറ്റപ്പെട്ട ചെറിയ സംഭവങ്ങളൊഴിച്ചാല്‍ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് വാഴത്തോപ്പ് പഞ്ചായത്തിലെ 11ാം വാര്‍ഡ് ഗാന്ധിനഗറില്‍ പണം കൊടുക്കാനെത്തിയെന്ന് ആരോപിച്ചുണ്ടായ വാക്തര്ക്കത്തില് ഒരാള്‍ക്ക് പരിക്കേറ്റു. സംവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.