നെടുങ്കണ്ടം: വാഹനം തടഞ്ഞു നിര്‍ത്താന്‍ ബാരിക്കേഡ് ഇല്ല, കൈകാണിച്ച് തടഞ്ഞു നിര്‍ത്തിയാല്‍ പോലും ലോറിയുടെ മുകളില്‍ കയറാന്‍ ഏണിയും ഗോവണിയും ഇല്ല. അതിര്‍ത്തിയില്‍ വനപാലകരുടെ ചെക്പോസ്റ്റിനു ഓരം ചേര്‍ന്ന് പതുങ്ങിനിന്ന് അവര്‍ വാഹനം തടയുന്ന തക്കം നോക്കി ലോറിയുടെ മുകളില്‍ വലിഞ്ഞുകയറി കാലികള്‍ക്ക് കമ്മലുമിട്ട് വാക്സിനും നല്‍കണം. താഴെയിറങ്ങി ഓഫിസിനുള്ളിലേക്ക് കയറിയാല്‍ അല്‍പം വിശ്രമിക്കാനും ഒരിറ്റു വെള്ളം കുടിക്കാനും മാര്‍ഗമില്ല. കേരള-തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റിന്‍െറ പരാധീനതകളാണിത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി കന്നുകാലികളെ ലോറിയില്‍ കുത്തിനിറച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടെങ്കിലും കാര്യമായി പരിശോധിക്കാന്‍ കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റിലെ ജീവനക്കാര്‍ക്ക് കഴിയുന്നില്ല. സ്വന്തമായി ബാരിക്കേഡ് ഇല്ലാത്തതാണ് പ്രധാന തടസ്സം. കന്നുകാലികളെ കുത്തിനിറച്ചു വരുന്ന ലോറി തടഞ്ഞുനിര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ലോറിയുടെ മുകളില്‍ കയറി പരിശോധിക്കാന്‍ നന്നേ പാടുപെടണം. ഓഫിസിന് അല്‍പം ദൂരെ മാറി അതിര്‍ത്തിയിലെ വനംവകുപ്പ് ചെക്പോസ്റ്റിനു സമീപം വെയിലും മഴയുമേറ്റ് വേണം പരിശോധിക്കാന്‍. ചെക്പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്‍െറ സ്ഥിതിയാണ് ഏറെ പരിതാപകരം. മൃഗസംരക്ഷണ വകുപ്പിന് സ്വന്തമായുള്ള 10 സെന്‍റ് സ്ഥലത്താണ് കെട്ടിടം. 2000ല്‍ നിര്‍മിച്ചതാണെങ്കിലും നിര്‍മാണത്തിലെ പിഴവ് മൂലം ഏതുനിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ഒരു ഫീല്‍ഡ് ഓഫിസര്‍, മൂന്ന് ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍, ഒരു സ്വീപ്പര്‍ എന്നിങ്ങനെ ഏഴുപേരാണ് 24 മണിക്കൂറും ജോലി ചെയ്യുന്നത്. ഇവരില്‍ ഒരാള്‍ ടൗണില്‍ വനംവകുപ്പിന്‍െറ ബാരിക്കേഡ് ഉയര്‍ത്തുന്നതും കാത്ത് കാവലാണ്. രണ്ടു മുറിയാണ് ഓഫിസിനുള്ളത്. ഇഷ്ടിക അടുക്കി അതിനു മീതെ ഉപയോഗശൂന്യമായ പലകക്കഷണങ്ങള്‍ നിരത്തിയാണ് ഡ്യൂട്ടി കഴിയുന്നവര്‍ ഉറങ്ങുന്നത്. പൊട്ടിപ്പൊളിഞ്ഞ തറകള്‍, വീണ്ടുകീറിയ ഭിത്തികള്‍, ഇളകിയാടുന്ന ജനാലകളും വയറിങ് പൈപ്പുകളും സ്വിച്ച്ബോര്‍ഡുകളും. ആവശ്യത്തിനു ഫര്‍ണിച്ചറുകളും ഇവിടെയില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യമില്ല. വെള്ളത്തിനാണ് ഏറെ ദുരിതം. ജീവനക്കാര്‍ വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. 1989ലാണ് ചെക്പോസ്റ്റ് അനുവദിച്ചത്. നിരന്തര പരാതിയെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി എട്ട് ലക്ഷം അനുവദിച്ചെങ്കിലും നിര്‍മാണ അനുമതി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.