ഹൈറേഞ്ചിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈനുകള്‍ നിശ്ചലം

അടിമാലി: നിശ്ചലമായ ബി.എസ്.എന്‍.എല്‍ ഫോണുകള്‍ക്ക് ജീവന്‍ വെക്കുമെന്ന കാത്തിരിപ്പിലാണ് ഹൈറേഞ്ചിലെ ഉപയോക്താക്കള്‍. ഹൈറേഞ്ചിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നൂറുകണക്കിന് ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളാണ് ജീവനില്ലാതെ കിടക്കുന്നത്. ഓണക്കാലത്തും ഫോണിന് ജീവന്‍ വെക്കാനുള്ള പ്രതീക്ഷകളറ്റു. പരാതി രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും പരാതി നമ്പറിലേക്ക് വിളിച്ചപ്പോള്‍ വര്‍ക്ക് ഇപ്പോഴും പ്രോഗ്രസിലാണെന്നാണ് മറുപടി. ലാന്‍ഡ് ഫോണ്‍ ഉപയോഗം ഞായറാഴ്ച പൂര്‍ണമായും മറ്റ് ദിവസങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴു വരെയും സൗജന്യമാണെന്ന ബി.എസ്.എന്‍.എല്‍ പ്രഖ്യാപനം അനുഭവിക്കാന്‍ ഹൈറേഞ്ചിലെ ഉപഭോക്താക്കള്‍ക്ക് ഭാഗ്യമില്ല. നഗരത്തില്‍ പലയിടങ്ങളിലും കേബ്ളുകളുടെ തകരാറിലാണ് ഫോണ്‍ ബന്ധം മുറിയുന്നത്. ഹൈറേഞ്ചിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലും മൊബൈല്‍ കവറേജ് ഇല്ല. ഇതുമൂലം ലാന്‍ഡ് ഫോണുകളെയാണ് കൂടുതല്‍ പേരും ഇപ്പോഴും ആശ്രയിക്കുന്നത്. ചില ഫോണുകളിലേക്ക് വിളിവന്നാല്‍ അങ്ങത്തേലക്കല്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കില്ല. മറിച്ചും സ്ഥിതി അതുതന്നെ. റിസീവര്‍ പലതവണ താഴെവെച്ച് വീണ്ടുമെടുത്താലും ഇതാണ് സ്ഥിതി. ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ഇന്‍റര്‍നെറ്റ് ഉപയോഗവും നിശ്ചലം. ലാന്‍ഡ് ഫോണുകള്‍ പടിപടിയായി ഒഴിവാക്കുകയെന്ന നിലപാടിലാണ് അധികൃതര്‍. ഉപയോക്താക്കളാണെങ്കില്‍ പരാതിക്ക് പരിഹാരം കിട്ടാത്തതിനാല്‍ ഉഴലുക മാത്രമല്ല പ്രവര്‍ത്തനരഹിതമായ ഫോണിനും പണം മുടക്കുകയാണ്. വാടകയിനത്തില്‍ നല്ല തുക തന്നെ നല്‍കണം. ഉപയോഗമില്ലാത്ത ഫോണിന് ബി.എസ്.എന്‍.എല്ലിന് വെറുതെ പണം നല്‍കുകയാണ് ഉപഭോക്താക്കള്‍. തകരാറിലായ പലയിടങ്ങളിലും ഏച്ചുകെട്ടിയാണ് പുന$സ്ഥാപിക്കുന്നത്. ആവശ്യത്തിന് കേബ്ളുകള്‍ അനുവദിക്കാത്തതാണ് കാരണം ഉപഭോക്താക്കളുടെ പരാതി കേട്ടു മടുത്ത ജീവനക്കാര്‍ക്കും നിസ്സഹായതയാണ്. ആയിരക്കണക്കിന് ടെലഫോണ്‍ പോസ്റ്റുകളാണ് ഹൈറേഞ്ചില്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത്. ഇത് നീക്കംചെയ്യുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.