തൊടുപുഴ നഗരസഭ ഭരണപ്രതിസന്ധിയിലേക്ക്

തൊടുപുഴ: ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഴുപ്പലക്കലും മൂലം തൊടുപുഴ നഗരസഭയില്‍ ഭരണം പ്രതിസന്ധിയിലേക്ക്. കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ എം.കെ. ഷാഹുല്‍ ഹമീദിനെ വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്‍െറപേരില്‍ സസ്പെന്‍ഡ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ത്രിശങ്കു നഗരസഭാ കൗണ്‍സിലില്‍ ഒരുമുന്നണിക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഷാഹുല്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുന്ന സാഹചര്യം ഉണ്ടായാല്‍ യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലാകും. 14 കൗണ്‍സിലര്‍മാര്‍ യു.ഡി.എഫിലും 13 കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫിലും ഉണ്ട്. കൗണ്‍സിലില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും യു.ഡി.എഫ് അംഗങ്ങളായിരിക്കെ ഭൂരിപക്ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനങ്ങളിലും ചെയര്‍മാന്‍ സ്ഥാനം എല്‍.ഡി.എഫിനാണ്. ബി.ജെ.പി കൗണ്‍സിലര്‍മാരായി എട്ടുപേരുണ്ട്. അടുത്തിടെ നഗരസഭാ ചെയര്‍പേഴ്സണെതിരെ കേരള കോണ്‍ഗ്രസ് അംഗവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജെസി ആന്‍റണി പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് ചെയര്‍മാനെതിരെ കോണ്‍ഗ്രസ് അംഗമായ ഷാഹുല്‍ രംഗത്തത്തെിയത്. ഐ ഗ്രൂപ്പുകാരനായതിനാലാണ് പാര്‍ട്ടി തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ഷാഹുല്‍ ആരോപിക്കുന്നത്. ഇതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിക്കുമെന്നും തുടര്‍ നടപടി ഇതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് ഷാഹുല്‍ ഹമീദിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും പാര്‍ട്ടി വിപ്പ് ബാധകമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന രീതിയില്‍ ഷാഹുല്‍ ഒരു നീക്കം നടത്തില്ളെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.