കീടനാശിനി പ്രയോഗം: തോട്ടം മേഖലയില്‍ മാരകരോഗങ്ങള്‍ പെരുകുന്നു

അടിമാലി: ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ എന്‍ഡോസള്‍ഫാനെ വെല്ലുന്ന കീട, കളനാശിനികളുടെ പ്രയോഗം മൂലം മാരകരോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിച്ചു. അര്‍ബുദ രോഗികളും അംഗവൈകല്യമുള്ളവരും കൂടാന്‍ കാരണം മാരക കീടനാശിനികളുടെ പ്രയോഗമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. തോട്ടം മേഖലയില്‍ ജനിക്കുന്ന നവജാതശിശുക്കളില്‍ 20 ശതമാനം അംഗവൈകല്യവും മറ്റ് ശാരീരിക വിഷമതകളും ഉള്ളവരാണെന്നാണ് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പുകള്‍ നടത്തിയ പഠനത്തിലെ കണ്ടത്തെല്‍. ജില്ലയില്‍ അംഗവൈകല്യം സംഭവിച്ചവര്‍ 26,226 പേരും അര്‍ബുദരോഗികള്‍ 2500ഉം ആണ്. തോട്ടം മേഖലയായ വയനാട് ജില്ലയിലും ഇത്തരം രോഗികള്‍ കൂടുതലാണ്. സംസ്ഥാനത്ത് മൊത്തം 7,75,823 അംഗവൈകല്യമുള്ളവര്‍ ഉള്ളതായാണ് കണക്ക്. ജില്ലയില്‍ അര്‍ബുദ രോഗികള്‍ കൂടുതല്‍ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലാണ്. വീര്യം കൂടിയ കീടനാശിനികളുടെയും കളനാശിനികളുടെയും പ്രയോഗം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അര്‍ബുദ-ശ്വാസകോശ രോഗങ്ങള്‍ വ്യാപകമാകാന്‍ കാരണമാണെന്ന് പല പഠനങ്ങളിലും കണ്ടത്തെിയിരുന്നു. എന്നാല്‍, വന്‍കിട തോട്ടം ഉടമകളുടെ സമ്മര്‍ദം മൂലം ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടില്ല. പ്രാദേശിക തലത്തില്‍ പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും നടത്തിയ പഠനങ്ങളിലും ഇടുക്കിയില്‍ അര്‍ബുദവും ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളും ഗണ്യമായി വര്‍ധിക്കുന്നതായി കണ്ടത്തെി. പതിറ്റാണ്ടുകളായി മാരക കീടനാശിനി പ്രയോഗിക്കുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, രാജകുമാരി, ബൈസണ്‍വാലി, പള്ളിവാസല്‍, വട്ടവട, സേനാപതി പഞ്ചായത്ത് പരിധികളില്‍ പലയിടത്തും ബുദ്ധിമാന്ദ്യം അടക്കം വൈകല്യമുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായാണ് വിവരം. തമിഴ്നാട്ടില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ പോലെ വീര്യം കൂടിയ കീടനാശിനികള്‍ ഇപ്പോഴും മറ്റ് പല ലേബലുകളിലായി എത്തുന്നുണ്ട്. കീടനാശിനി തളിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ പോലും ഒരുക്കാറില്ല. തേയിലത്തോട്ടങ്ങളില്‍ ഗൈ്ളസെല്‍, ഗോള്‍ തുടങ്ങിയ കളനാശിനികളുടെ പ്രയോഗം വ്യാപകമാണ്. ചെടിയുടെ വേരടക്കം ദ്രവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവ. ഡയറ്റോണ്‍, പൊന്‍പിഫ്, കാലക്സിന്‍, ഇന്‍േറാസിന്‍, ബറോസല്‍, ബാബടോണ്‍, ഡി.എ.പി തുടങ്ങിയ കീടനാശികളും പലയിടത്തും ഉപയോഗിക്കുന്നു. തേയില തോട്ടങ്ങളില്‍ ഇപ്പോള്‍ പ്രയോഗിക്കുന്ന ടുഫോര്‍ ഡി കീടനാശിനിയും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.