ചെറുതോണി: ടൗണിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് 15 മുതല്‍ പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി തോമസ് അറിയിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ടാക്സി വാഹനങ്ങളും വ്യാപാരികളുടെ വാഹനങ്ങളും സ്ഥിരമായി സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് ഇടുന്നത്. ഇതുമൂലം ഗതാഗതക്കുരുക്ക് നിത്യമാണ്. ഈ സാഹചര്യത്തില്‍ വ്യാപാരികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവിരെ വിളിച്ചുചേര്‍ത്ത് ട്രാഫിക് മാനേജ്മെന്‍റ് കമ്മിറ്റി ചേര്‍ന്നിരുന്നു. ഇതനുസരിച്ചാണ് 15 മുതല്‍ കര്‍ശനമായി ഗതാഗതം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. ചെറുതോണി ടൗണില്‍ അരമണിക്കൂറില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കൂടുതല്‍ സമയം ആവശ്യമുള്ളവര്‍ക്ക് പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഉപയോഗിക്കാം. ഇതിനായി പാലത്തിന് സമീപം പെരിയാറിനോട് ചേര്‍ന്ന് സൗകര്യമുണ്ട്. ആറു മണിക്കൂര്‍ നേരത്തേക്ക് 10 രൂപയാണ് ചാര്‍ജ്. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ ഓരോ മണിക്കൂറിനും രണ്ടു രൂപ വീതം അധികം നല്‍കണം. ബൈക്കിന് അഞ്ചുരൂപയാണ് ചാര്‍ജ്. സ്ഥിരമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഒരു മാസത്തേക്ക് 200 രൂപ ഈടാക്കും. പുതിയ തീരുമാനമനുസരിച്ച് അടിമാലി റോഡില്‍ പാപ്പന്‍സ് ഹോട്ടലിന് സമീപത്തും കട്ടപ്പന റോഡില്‍ പാലത്തിന് സമീപത്തുമുള്ള കല്‍ക്കെട്ടുവരെയും തൊടുപുഴ റോഡില്‍ വൈഗ റോഡ് വരെയും വാഴത്തോപ്പ് റോഡില്‍ തൃക്കേക്കുന്നേല്‍ പടിവരെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന് പുറമെ പിഴയും ഈടാക്കും. ഇതിനായി ടൗണില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. ചെറുതോണിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സി.ഐ ഇ.പി. റെജി, വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ശ്യാം ശങ്കര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടോമി കൊച്ചുകുടി, വ്യാപാരി വ്യവസായി ചെറുതോണി യൂനിറ്റ് പ്രസിഡന്‍റ് സാജന്‍ കുന്നേല്‍, മെംബര്‍മാരായ ഷിജോ തടത്തില്‍, ആലീസ് ജോസ്, അമല്‍ ജാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.