വെള്ളിയാമറ്റം ശുദ്ധജല പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യും

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ 26,700 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന 20 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണങ്ങള്‍ക്ക് തുടക്കമായി. പ്ളാന്‍റ്, ജലസംഭരണികള്‍, പൈപ്പ് ലൈന്‍ തുടങ്ങിയവയുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കി. മാര്‍ച്ചില്‍ പദ്ധതി കമീഷന്‍ ചെയ്യാനാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെയാണ് പദ്ധതി. കാഞ്ഞാറിലെ ഒമ്പത് മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ ശേഖരിക്കുന്ന ജലം നെല്ലിക്കാമലയില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയിലേക്ക് പമ്പ് ചെയ്യും. ഇതിനായി 150 എച്ച്.പി പമ്പുസെറ്റും 1800 മീറ്റര്‍ നീളത്തില്‍ 250 എം.എം ഡി.ഐ പമ്പിങ് മെയിനും സ്ഥാപിക്കും. നെല്ലിക്കാമലയില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയുടെ ശേഷി പ്രതിദിനം 40 ലക്ഷം ലിറ്ററാണ്. ശുദ്ധീകരിച്ച ജലം 3.50 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ ശേഖരിച്ച് മന്തിരംപാറ, കുഴിഞ്ഞാലിക്കവല പ്രദേശങ്ങളില്‍ പണിയുന്ന സംഭരണികളിലേക്ക് 9600 മീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്യും. ഇളംദേശം, പുളിയാനിത്തണ്ട്, കുരുതിക്കളം, ചെമ്പകത്തിനാല്‍മല, മേത്തൊട്ടി എന്നീ പ്രദേശങ്ങളില്‍ പണിയുന്ന സംഭരണികളിലേക്ക് 12,690 മീറ്റര്‍ നീളത്തില്‍ പൈപ്പുകളിലൂടെ പമ്പ് ചെയ്യുന്നു. മന്തിരംപാറ, കുഴിഞ്ഞാലിക്കവല, ഇളംദേശം, പുളിയാനിത്തണ്ട്, കുരുതിക്കളം, ചെമ്പകത്തിനാല്‍മല, മേത്തൊട്ടി എന്നീ പ്രദേശങ്ങളിലെ ജലസംഭരണികളില്‍നിന്നുമാണ് 132 കിലോമീറ്റര്‍ നീളത്തില്‍ ജലവിതരണം നടത്തുന്നത്. നിര്‍മാണോദ്ഘാടനം ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ എച്ച്. ജലാലുദ്ദീന്‍ റിപ്പോര്‍ട്ട് അതരിപ്പിച്ചു. ഇളംദേശം ബ്ളോക് പഞ്ചായത്ത് അംഗം എം. മോനിച്ചന്‍ ആമുഖപ്രസംഗം നടത്തി. ഇളംദേശം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രസന്നന്‍, ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ജി. മോഹനന്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍ മാര്‍ട്ടിന്‍ മാത്യു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. അനൂപ്കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തങ്കമ്മ രാമന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസിമോള്‍ മാത്യു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അലക്സ് കോഴിമല, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ എന്‍.വി. വര്‍ക്കി നിരുപ്പേല്‍, കബീര്‍ കാസിം തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബാ രാജശേഖരന്‍ സ്വാഗതവും ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ അലക്സ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.