അടിമാലി: അനിയന്ത്രിത മാലിന്യം തള്ളല്‍ മൂലം അടിമാലി മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ദേവിയാര്‍ പുഴ മരിക്കുന്നു. വേനലില്‍ നീരൊഴുക്ക് കുറഞ്ഞതോടെ പുഴയുടെ പലഭാഗത്തും ടണ്‍കണക്കിന് മാലിന്യമാണ് തങ്ങിനില്‍ക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല പദ്ധതികളുടെ പമ്പിങ് സ്റ്റേഷന് സമീപത്തുപോലും മാലിന്യം അടിഞ്ഞിരിക്കുന്നത് മനംമടുപ്പിക്കുന്ന കാഴ്ചയാണ്. ഹൈറേഞ്ചിലെ പ്രധാന വാണിജ്യകേന്ദ്രമായ അടിമാലിയില്‍നിന്നാണ് ഈ പുഴയുടെ ഉദ്ഭവം. നാല് തോടുകള്‍ സംഗമിക്കുന്ന മന്നാങ്കാലയില്‍ തന്നെ വന്‍തോതില്‍ മാലിന്യശേഖരമാണ് ഉള്ളത്. അടിമാലി ടൗണ്‍ അടക്കം പലയിടങ്ങളിലും പുഴ നിറയെ മാലിനവസ്തുക്കള്‍ നിറഞ്ഞ് പകര്‍ച്ചവ്യാധി പരത്തുന്ന ഈച്ച, കൊതുക് എന്നിവ വര്‍ധിച്ചിരിക്കുകയാണ്. ഇക്കുറി വേനല്‍ കടുത്തതോടെ പെരിയാറിന്‍െറ പോഷകനദിയായ ദേവിയാറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം ഇടുക്കി ജില്ലക്ക് പുറമെ പെരിയാര്‍ ഒഴുകുന്ന എറണാകുളം ജില്ലക്കും കടുത്ത ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. നിരോധിത പ്ളാസ്റ്റിക് മാലിന്യം മുതല്‍ തെര്‍മോകോള്‍ പെട്ടികളും മത്സ്യ, മാംസ അവശിഷ്ടങ്ങളുമെല്ലാം പുഴയിലേക്ക് വ്യാപകമായി തള്ളുന്നുണ്ട്. ഇതിനു പുറമെയാണ് രാത്രിയുടെ മറവില്‍ ടാങ്കര്‍ മാലിന്യം പുഴയുടെ കൈവഴികളിലേക്ക് ഒഴുക്കുന്നതു മൂലമുണ്ടാകുന്ന പ്രതിസന്ധി. ചിലയിടങ്ങളില്‍ ആശുപത്രികളില്‍നിന്നുള്ള മാലിന്യക്കുഴലുകള്‍പോലും വെള്ളത്തിലേക്ക് ചേരുന്നുണ്ട്. മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ആധുനിക സൗകര്യം നിലവില്‍വന്നിട്ടും പ്രധാന ടൗണുകളില്‍ പോലും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടിയൊന്നും സ്വീകരിച്ചിട്ടുമില്ല. പുഴ മലിനമായി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പൊതുജനാരോഗ്യ വിഭാഗവും ശക്തമായ നടപടി സ്വീകരിക്കുന്നില്ല. പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ് മുതലായ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.