കുട്ടികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി

തൊടുപുഴ: സംസ്ഥാന ബാലാവകാശ കമീഷന്‍ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ കുട്ടികളുമായി നടത്തിയ സംവാദത്തില്‍ കുട്ടികളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. തങ്ങളുടെ സ്കൂളിലും സമീപത്തും കുട്ടികള്‍ അനുഭവിക്കുന്ന വേദനകളും പ്രശ്നങ്ങളുമാണ് അവര്‍ കമീഷന് മുന്നില്‍ അവതരിപ്പിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ. ജോര്‍ജ് ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ ഡോ. എ. കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി. ലഹരി മരുന്നുകളുടെ ഉപയോഗം, താഴ്ന്ന വരുമാനക്കാരായ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ശൈശവ വിവാഹം, സോഷ്യല്‍ മീഡിയയുടെ ഉപയോഗം, അധ്യാപകരുടെ കുറവ്, മോഷണം, ജാതി വ്യത്യാസത്തിന്‍െറ പേരിലുള്ള അനീതികള്‍, ലൈംഗിക പീഡനം തുടങ്ങിയ നീറുന്ന നിരവധി പ്രശ്നങ്ങളാണ് കുട്ടികള്‍ അവതരിപ്പിച്ചത്. കുട്ടികളുടെ പ്രശ്നങ്ങള്‍ കേട്ട കമീഷനും ജില്ലാതല ഉദ്യോഗസ്ഥരും പ്രശ്ന പരിഹാരത്തിന്് ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. കുട്ടികള്‍ ഓരോ സന്ദര്‍ഭത്തിലും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഓരോ വകുപ്പുകളും സ്വീകരിക്കുന്ന നടപടികളും അവ എങ്ങനെ പരിഹരിക്കാം എവിടെ പരാതിപ്പെടാം എന്നുള്ളതിനെക്കുറിച്ചും വ്യക്തമായ മറുപടി നല്‍കി. ജില്ലയിലെ ഒമ്പത്, 11 ക്ളാസുകളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് സംവാദത്തില്‍ പങ്കെടുത്തത്. ഓരോ സ്കൂളിനെയും പ്രതിനിധാനം ചെയ്ത രണ്ടുപേര്‍ വീതം പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ തങ്ങളുടെ സ്കൂളിന്‍െറയും സമീപത്തെയും ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിനിധിയായിട്ടാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം സി.യു. മീന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും കുട്ടികളുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. യോഗത്തില്‍ സബ് കലക്ടര്‍ ഡോ. എന്‍.ടി.എല്‍ റെഡ്ഡി, ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ജി. ഗോപാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് മാത്യു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.എ. ഷംനാദ്, ഡി.ഡി യു.ജി.കെ.വൈ ഹെഡ് ഓഫ് ഓപറേഷന്‍സ് എസ്.ആര്‍. രാജീവ്, ഡി.എം.ഒ ഡോ.ടി.ആര്‍. രേഖ, എക്സൈസ് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ തോമസ്, ജില്ലാ ലേബര്‍ ഓഫിസര്‍ സതീഷ് കുമാര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓഡിനേറ്റര്‍ ഫാ. റോയി അബ്രഹാം, ജോയന്‍റ് ആര്‍.ടി.ഒ മോഹന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.