കുമളി പഞ്ചായത്ത് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

കുമളി: ഗ്രാമപഞ്ചായത്ത് വക അട്ടപ്പള്ളത്തെ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുസ്ഥലത്തെ മത്സ്യ വ്യാപാരം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് കെട്ടിടം ഇതേവരെ വെറുതെ കിടക്കുകയായിരുന്നു. കുമളി ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പുതിയ മത്സ്യമാര്‍ക്കറ്റ്. കോട്ടയം, കൊച്ചി മേഖലകളില്‍നിന്ന് വാഹനത്തിലത്തെിക്കുന്ന മത്സ്യം ചളിമടയില്‍ ദേശീയപാതക്ക് സമീപത്തുവെച്ചാണ് ചെറിയ അളവുകളിലാക്കി ചെറുകിട മത്സ്യ വ്യാപാരികള്‍ക്ക് കൈമാറിയിരുന്നത്. പ്രദേശത്താകെ മലിനജലവും ദുര്‍ഗന്ധവും പതിവായതോടെയാണ് വിപുലമായ സൗകര്യങ്ങളോടെ അട്ടപ്പള്ളം റോഡരികില്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചത്. എന്നാല്‍, ടൗണില്‍നിന്ന് ദൂരക്കൂടുതല്‍ കാരണം ഇവിടെ വ്യാപാരം നടത്താന്‍ വ്യാപാരികള്‍ തയാറായിരുന്നില്ല. ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലത്തും കടകളിലും മത്സ്യം വില്‍ക്കുന്നതിന് ഇന്നലെ മുതല്‍ വിലക്കേര്‍പ്പെടുത്തിയാണ് അട്ടപ്പള്ളത്തെ മാര്‍ക്കറ്റ് അധികൃതര്‍ തുറന്നത്. എന്നാല്‍, ഇവിടേക്ക് വ്യാപാരത്തിനായി എത്താന്‍ വ്യാപാരികള്‍ വിസമ്മതിക്കുകയായിരുന്നു. ടൗണില്‍ ഓടകള്‍ക്ക് മുകളിലും റോഡിലും പൊതുവഴിയിലും വെച്ചുള്ള മത്സ്യവ്യാപാരം നിരോധിച്ചതിനൊപ്പം കോള്‍ഡ് സ്റ്റോറേജ് കടകളില്‍ കടക്കുള്ളില്‍ വെച്ച് മത്സ്യം വില്‍ക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍, ഇതിനെതിരെ നാട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ടൗണില്‍ നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കാത്തവിധം വൃത്തിയായ സാഹചര്യത്തില്‍ കടക്കുള്ളില്‍ മത്സ്യം വില്‍ക്കുന്നതിനെ എതിര്‍ക്കേണ്ടതില്ളെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഒരുകിലോ മത്സ്യം വാങ്ങാന്‍ ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നതിന്‍െറ പ്രയാസവും നാട്ടുകാര്‍ പങ്കിടുന്നു. നിയന്ത്രണം നിലവില്‍വന്ന വ്യാഴാഴ്ച മത്സ്യ വാഹനങ്ങള്‍ പഞ്ചായത്ത്-പൊലീസ്-ആരോഗ്യവകുപ്പ് അധികൃതര്‍ വഴിയില്‍ തടഞ്ഞാണ് അട്ടപ്പള്ളത്തെ മത്സ്യ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയത്. ഇതിനെതിരെ വ്യാപാരികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. എന്നാല്‍, ഗ്രാമപഞ്ചായത്ത് ഉറച്ച നിലപാടെടുത്തതോടെയാണ് വ്യാഴാഴ്ച മത്സ്യ മാര്‍ക്കറ്റിന് പ്രവര്‍ത്തനം തുടങ്ങാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.