റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിലേക്ക്

അടിമാലി: രണ്ടാംമൈല്‍-ആനച്ചാല്‍-ഇരുട്ടുകാനം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കൊച്ചി-മധുര ദേശീയപാതയില്‍ ഇരുട്ടുകാനത്തുനിന്ന് തുടങ്ങി ആനച്ചാല്‍ വഴി രണ്ടാംമൈലില്‍ എത്തുന്ന റോഡാണ് തകര്‍ന്നത്. പലഭാഗത്തും വന്‍ കിടങ്ങുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആലുംചുവട്ടില്‍നിന്ന് രണ്ടാംമൈലിലേക്ക് കുത്തനയുള്ള ഇറക്കത്തിലെ കുഴിയില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായി. അപകടാവസ്ഥയിലായ റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രണ്ടാംമൈലില്‍ നിന്നുള്ള അഞ്ചുകിലോമീറ്റര്‍ റോഡില്‍ അപകടങ്ങളും മറ്റും പെരുകിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. ആനച്ചാലിന് സമീപം എസ് വളവില്‍ റോഡരികിടിഞ്ഞ് വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടത്. ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ സൗകര്യമുള്ള ഇവിടെ ഹെയര്‍പിന്‍ വളവുകളോടെ കുത്തനെയുള്ള കയറ്റമായതിനാല്‍ ചെറിയ അശ്രദ്ധപോലും വന്‍ ദുരന്തത്തിന് കാരണമാകും. മൂന്നാര്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി എന്നിവിടങ്ങളിലേക്ക് പോകുന്നവരും ചിത്തിരപുരം, രണ്ടാംമൈല്‍, കുഞ്ചിത്തണ്ണി, രാജാക്കാട്, എല്ലക്കല്‍ മേഖലകളിലുള്ളവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതാണ് തകര്‍ച്ചക്ക് വേഗം കൂട്ടിയതെന്ന് നാട്ടുകാര്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.