തൊടുപുഴ: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ ജോലി ഭാരം മൂലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകള്‍ കിതക്കുന്നു. ഒന്നരവര്‍ഷത്തിലധികമായി നിലവിലെ ജീവനക്കാര്‍ ഇരട്ടിയിലധികം ജോലി ചെയ്താണ് സര്‍ക്കിളുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഭക്ഷ്യസുരക്ഷാ ഓഫിസര്‍പോലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ പരിശോധനയടക്കം പ്രാധാന്യമുള്ള ജോലികള്‍പോലും കാര്യക്ഷമമായി നടത്താന്‍ പ്രയാസം നേരിടുകയാണ്. ഒരു നിയോജക മണ്ഡലത്തില്‍ ഒന്നു വീതം എന്ന കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 140 ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളാണുള്ളത്. ഇടുക്കി ജില്ലയില്‍ തൊടുപുഴ, പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം എന്നിവയാണ് സര്‍ക്കിളുകള്‍. ഓരോ സര്‍ക്കിളിലും നിര്‍ബന്ധമായും ഒരു ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഉണ്ടായിരിക്കണം. പരാതികളില്‍ അന്വേഷണം, കടകളില്‍ പരിശോധന, സാമ്പ്ളുകള്‍ ശേഖരിച്ചു പരിശോധനക്കയക്കല്‍ തുടങ്ങിയ സുപ്രധാന ജോലികള്‍ ഇവരാണു ചെയ്യേണ്ടത്. എന്നാല്‍, ജില്ലയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പീരുമേട്ടിലും തൊടുപുഴയിലും മാത്രമേ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരുള്ളൂ. മറ്റ് മൂന്ന് സര്‍ക്കിളുകളുടെ അധിക ചുമതല ഇവര്‍ക്കു രണ്ടുപേര്‍ക്കും കൂടി നല്‍കിയിരിക്കുകയാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഓരോ സര്‍ക്കിളിലും ഭക്ഷ്യസുരക്ഷാ ഓഫിസറുടെ സേവനം ഒഴിച്ചു കൂടാനാവാത്തതാണ്. ഹൈറേഞ്ച് മേഖലകളിലടക്കം പരിശോധനക്കായി ഓഫിസര്‍മാര്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരികയും ഇതുമൂലം മറ്റു ജോലികള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങളത്തെുടര്‍ന്ന് ഇവരിലൊരാള്‍ അവധിയിലായപ്പോള്‍ ഒരാഴ്ചയോളം പരിശോധന മുടങ്ങിയ സാഹചര്യവുമുണ്ടായി. ജോലിഭാരം മൂലം പരിശോധനയടക്കമുള്ള ജോലികള്‍ ശരിയായി നിര്‍വഹിക്കാന്‍ കഴിയുന്നില്ളെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. ഓണക്കാലമാകുന്നതോടെ ഹോട്ടലുകളടക്കം ഭക്ഷണവില്‍പന ശാലകളിലും പാലും പച്ചക്കറിയും അതിര്‍ത്തി കടന്നത്തെുന്ന കുമളിയിലെ ഭക്ഷ്യസുരക്ഷാ ചെക്പോസ്റ്റിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ട്. എന്നാല്‍, ഭക്ഷ്യസുരക്ഷാ ഓഫിസറുടെ കുറവ് ഇത്തരം പരിശോധനകളെയും സാരമായി ബാധിക്കും. ഭക്ഷ്യസുരക്ഷാ ഓഫിസര്‍ നിയമനത്തിന് പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ അഭിമുഖമടക്കം പൂര്‍ത്തിയാക്കിയെങ്കിലും ഇവരെ നിയമിക്കാന്‍ നടപടിയായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഓണത്തിനുമുമ്പ് നിയമനം നടക്കാനും സാധ്യത കുറവാണ്. ഒരു കച്ചവടസ്ഥാപനത്തില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാല്‍, ജീവനക്കാരുടെ കുറവുമൂലം ചില സര്‍ക്കിളുകളില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍പോലും പരിശോധന നടക്കാത്ത സാഹചര്യമുണ്ട്. നിലവില്‍ എല്ലാ സര്‍ക്കിളിലും ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുള്ള ഒരു ജില്ലപോലും സംസ്ഥാനത്തില്ല എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.