പതിറ്റാണ്ടുകളുടെ പഴമയിലും പുതുമയായി ചുവരെഴുത്ത്

കട്ടപ്പന: പതിറ്റാണ്ടുകളുടെ പഴമയിലും കാലം മായ്ക്കാത്ത ചുവരെഴുത്ത് പുതുതലമുറക്ക് വിസ്മയക്കാഴ്ചയാകുന്നു. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ കമ്പംമെട്ട് ചെക്പോസ്റ്റിന് സമീപം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍ക്കാര്‍ കെട്ടിടത്തിലാണ് 1982ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ മത്സരിച്ച ഇരുമുന്നണിയുടെയും ചുവരെഴുത്തും ചിഹ്നങ്ങളും ഇപ്പോഴും മായാതെ നില്‍ക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.എമ്മിലെ എം. ജിനദേവന്‍െറ അരിവാള്‍ ചുറ്റിക നക്ഷത്രവും യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ വി.ടി. സെബാസ്റ്റ്യന്‍െറ തെരഞ്ഞെടുപ്പ് ചിഹ്നമായ കുതിരയും ഇതോടൊപ്പമുള്ള ചുവരെഴുത്തുമാണ് 33 വര്‍ഷം പിന്നിട്ടിട്ടും മായാതെ നില്‍ക്കുന്നത്.അന്ന് നടന്ന മത്സരത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം. ജിനദേവന്‍ 34,964 വോട്ടുനേടി വിജയിച്ചിരുന്നു. ആകെ 69,345 വോട്ടര്‍മാരാണുണ്ടായിരുന്നത്. 33,771 വോട്ട് വി.ടി. സെബാസ്റ്റ്യനും നേടി. കരിങ്കല്‍ ചുമരില്‍ കുമ്മായം പൂശിവെള്ളയടിച്ച് നീലം കലക്കി വരച്ചിട്ടുള്ള ചിഹ്നങ്ങളും എഴുത്തുകളും ഇപ്പോഴും മായാതെ നിലനില്‍ക്കുന്നത് എവരെയും ആശ്ചര്യപ്പെടുത്തും. അന്ന് മത്സരരംഗത്ത് ഉണ്ടായിരുന്ന ഇരുവരും മണ്‍മറഞ്ഞ് പോയപ്പോഴും അവരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതായി മാറിയിരിക്കുകയാണ് കമ്പംമെട്ടിഴല പഴകിയ കെട്ടിട ഭിത്തിയിലെ ചുവരെഴുത്തും ചിഹ്നവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.