കാന്തല്ലൂരില്‍ ശീതകാല പച്ചക്കറികള്‍ നശിച്ചു

മറയൂര്‍: മൂന്നാഴ്ചയായി മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞും മഴയുംമൂലം അഞ്ചുനാടിന്‍െറ കാര്‍ഷിക മേഖല തകര്‍ന്നു. ശീതകാല പച്ചക്കറിയുടെ വിളനിലമായ കാന്തല്ലൂരില്‍ വിളവെടുപ്പിന് പാകമായ പച്ചക്കറികള്‍ പൂര്‍ണമായും അഴുകി നശിക്കുന്നത് കര്‍ഷകരെ വന്‍കടക്കെണിയിലുമാക്കി. ശീതകാല പച്ചക്കറികളായ ഉരുളക്കിഴങ്ങ്, ബീന്‍സ്, കാബേജ്, കാരറ്റ്, തുടങ്ങിയവ ധാരാളമായി വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന സ്ഥലമാണ് കാന്തല്ലൂര്‍ മേഖല. ന്യൂനമര്‍ദത്തെ തുടര്‍ന്ന് തിമിര്‍ത്തുപെയ്യുന്ന മഴയാണ് കൃഷിയെ തകിടംമറിച്ചത്. ശക്തമായ മഴമൂലം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിഭൂമിയില്‍ ഇറങ്ങാനോ പണിയെടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. വിളവെടുക്കാന്‍ കഴിയാതെയും നാശനഷ്ടങ്ങള്‍ പേറിയും ഒരുവിഭാഗം ദുരിതമനുഭവിക്കുമ്പോള്‍ പണിക്കുപോകാന്‍ കഴിയാതെ ഉപജീവനത്തിന് വകയില്ലാതെ നട്ടംതിരിയുന്നവരുമുണ്ട്. കാന്തല്ലൂരില്‍ വിളവെടുക്കാന്‍ പാകമായ കാരറ്റും ബീന്‍സും ഉരുളക്കിഴങ്ങും ചീഞ്ഞഴുകുന്നതിന് പുറമെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ചെടികള്‍ കരിഞ്ഞുപോകുന്ന പ്രതിഭാസവും അനുഭവപ്പെടുന്നുണ്ട്. കൃഷിയിറക്കിയ കാബേജ് കനത്ത മഴയും മഞ്ഞുംമൂലം വളര്‍ച്ച മുരടിച്ചുപോകുന്നതും കര്‍ഷകരെ വലക്കുന്നു. മണ്ഡലകാലം പ്രതീക്ഷിച്ച് കൃഷിയിറക്കിയ വിളവെടുപ്പാകാന്‍ പാകമായ കരിമ്പ് വെട്ടാന്‍ പോലും സാധിച്ചിട്ടില്ല. ശര്‍ക്കര നിര്‍മാണത്തിനാവശ്യമായ കരിമ്പിന്‍നീര് തിളപ്പിക്കുന്നതിനാവശ്യമായ എരിപ്പാന്‍ (കരിമ്പിന്‍ ചണ്ടിയും ശോകയും ഉണങ്ങിയത്) മഴ കാരണം കിട്ടാനില്ലാത്തതിനാല്‍ മറയൂര്‍ മേഖലയില്‍ ശര്‍ക്കര നിര്‍മാണം പൂര്‍ണമായും നിലച്ചുകഴിഞ്ഞു. ഈ അവസ്ഥ നിലനിന്നാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പോലും ശര്‍ക്കര ലഭിക്കാത്ത അവസ്ഥയാവുമെന്ന് വ്യാപാരികള്‍ പറയുന്നു. സാധാരണയായി നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ശര്‍ക്കരക്ക് വന്‍ ഡിമാന്‍ഡാണ്. എന്നാല്‍, മഴനിഴല്‍ പ്രദേശമായ മറയൂരില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം കാര്‍ഷികമേഖലക്ക് വന്‍ നഷ്ടം വരുത്തും. ഭൂരിഭാഗം കരിമ്പ് കര്‍ഷകരും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തും ശര്‍ക്കര വില്‍പനക്കാരില്‍നിന്ന് കടം വാങ്ങിയുമാണ് കൃഷിയിറക്കുന്നതും അതിനനുബന്ധമായ സാമഗ്രികള്‍ വാങ്ങുന്നതും. എന്നാല്‍, നല്ല വില ലഭിക്കുന്ന ഈ സീസണുകളില്‍ വിളവെടുക്കാനോ ശര്‍ക്കര ഉല്‍പാദിപ്പിക്കാനോ കഴിയാതെവരുന്നത് കര്‍ഷകരെ വന്‍ കടക്കെണിയിലാണ് കൊണ്ടത്തെിക്കുന്നത്. മണ്ഡലകാലത്ത് മറയൂര്‍ ശര്‍ക്കരക്ക് വന്‍ ഡിമാന്‍ഡാണ് ലഭിക്കാറുള്ളത്. എന്നാല്‍, ഇത്തവണ കോട്ടയം ചങ്ങനാശേരി, മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍, എന്നിവിടങ്ങളിലേക്ക് ശര്‍ക്കര എത്തിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ശര്‍ക്കര മൊത്തവ്യാപാരികളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.