ബൈക്ക് യാത്രക്കാരെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തൊടുപുഴ: വാഹനം ഉരസിയതിന്‍െറ പേരില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കാറില്‍  സഞ്ചരിച്ചിരുന്ന രണ്ടുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. 
ആലക്കോട് ചവര്‍ണ മലയില്‍ ഷമീര്‍ (29), അഞ്ചരികവല ഭാഗത്ത് കുറിച്ചിയില്‍ ബിനോയ് ജോസഫ് (40) എന്നിവരാണ് പിടിയിലായത്. മറ്റൊരുപ്രതി പള്ളിത്തണ്ടേല്‍ ബിജു ഒളിവിലാണ്. തലക്ക് ചുറ്റികക്ക് അടിയേറ്റ ഷിബിന്‍ സാബു (20) കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അര്‍ജുന്‍ തൊടുപുഴ  സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആലക്കോട് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ഷിബിനും അര്‍ജുനും സഞ്ചരിച്ചിരുന്ന ബൈക്കും എതിര്‍ദിശയില്‍നിന്നുവന്ന സുമോയും ഉരസിയതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സുമോയില്‍ ഉണ്ടായിരുന്ന സംഘത്തില്‍ ഒരാള്‍ തൊട്ടടുത്ത വര്‍ക്ഷോപ്പില്‍നിന്ന് ചുറ്റികയെടുത്ത് ഷിബിന്‍െറ തലക്ക് അടിക്കുകയായിരുന്നു. 
ബുധനാഴ്ച ചിലവില്‍നിന്നാണ് തൊടുപുഴ സി.ഐ ജില്‍സണ്‍ ജോസഫ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആലക്കോട് പഞ്ചായത്ത് 14ാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷേര്‍ളിയുടെ മകനാണ് പരിക്കേറ്റ ഷിബിന്‍ സാബു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.