ഇവിടെ കഞ്ചാവ് മാഫിയ വിളയാടുന്നു

അടിമാലി: ഒരിടവേളക്കുശേഷം ഹൈറേഞ്ചില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു. ജില്ലയിലെ ചില പ്രദേശങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് വെച്ചാണ് മാഫിയ പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെയും വിദേശ വിനോദ സഞ്ചാരികളെയും ലക്ഷ്യമാക്കി വന്‍ സന്നാഹത്തോടെയാണ് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നത്. സാധാരണ കഞ്ചാവിന് പുറമെ ബ്രൗണ്‍ഷുഗര്‍, ഹഷീഷ് മുതലായവയും യഥേഷ്ടം ലഭ്യമാകുന്നുവെന്നാണ് അറിയുന്നത്. മറ്റ് ജില്ലകളിലേക്കും ഇടുക്കിയില്‍നിന്ന് കഞ്ചാവ് ധാരാളമായി കടത്തുന്നുണ്ട്. ആന്ധ്ര, കര്‍ണാടക മുതലായ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലെ പ്രമുഖരായ നാലു പേരാണ് ഇടുക്കിയിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി പേരെയാണ് പിടികൂടിയത്. ഇതില്‍ അധികവും ഒരു കിലോയില്‍ താഴെയാണെന്ന് കാട്ടി രക്ഷപ്പെടുകയാണ് പതിവ്. ആരെയെങ്കിലും ഒറ്റുകൊടുത്താല്‍ മാത്രമാണ് പലരും പിടിക്കപ്പെടുന്നത്. ഇതാകട്ടെ പതിവ് പരിശോധനക്കിടെ സാഹസികമായി പിടികൂടി എന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നതും. കഴിഞ്ഞ ദിവസം ബസില്‍നിന്ന് യുവാവിനെ നാലു കിലോ കഞ്ചാവുമായി പിടികൂടിയതാണ് അടുത്തിടെയുണ്ടായ വലിയ സംഭവം. നാലു മാസത്തിനിടെ പത്തിലേറെ ആഡംബര വാഹനങ്ങളും 30ലേറെ പ്രതികളെയും പിടികൂടിയിട്ടുണ്ട്. ഇവരിലേറെയും കൗമാരക്കാരും വിദ്യാര്‍ഥികളും യുവാക്കളുമാണ്. പിടിയിലായവര്‍ തമിഴ്നാട്ടില്‍നിന്ന് അതിര്‍ത്തി ചെക്പോസ്റ്റുവഴി കഞ്ചാവ് കടത്തിയവരാണ്. നാലു വകുപ്പുകളുടെ പരിശോധന കഴിഞ്ഞ് ചെക്പോസ്റ്റുകള്‍ വഴി എങ്ങനെ കഞ്ചാവ് കടത്തുന്നുവെന്നതിനെക്കുറിച്ച് അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരമാണ് ലഭിക്കുന്നത്. ഒരുകിലോ കഞ്ചാവ് ചെക്പോസ്റ്റ് വഴി കടത്തിവിടാന്‍ 20,000 രൂപയാണ് പടിയായി വാങ്ങുന്നതത്രേ. ഇങ്ങനെ നല്‍കിയാല്‍ എത്ര വേണമെങ്കിലും കഞ്ചാവ് കടത്താമെന്നാണ് അവസ്ഥ. ചെക് പോസ്റ്റുകളില്‍ സ്ഥിരമായി ജോലി ചെയ്യുന്ന ഒരുവിഭാഗം ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. ഇവരെ മാറ്റാന്‍ വകുപ്പ് മേധാവികള്‍ക്കുപോലും ഭയമാണെന്ന് പറയുന്നു. രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നില്‍. കുമളി, ബോഡിമെട്ട്, ചിന്നാര്‍ ചെക്പോസ്റ്റുകളിലാണ് ഈ മാഫിയകളുടെ പ്രവര്‍ത്തനം കൂടുതലും. ചെക്പോസ്റ്റുകള്‍ കടന്ന് പിടിക്കപ്പെടുന്നവര്‍ പറയുന്നത് തമിഴ്നാട്ടില്‍നിന്നുള്ളവരാണ് ഇവിടെ എത്തിക്കുന്നതെന്നാണ്. ഇവിടെ നിന്ന് ഇടനിലക്കാര്‍ വഴി ചെറിയ സംഘങ്ങള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കുകയാണ്. വിദ്യാര്‍ഥികളാണ് അധികവും ഇതിനായി നിയോഗിക്കപ്പെടുന്നത്. സ്കൂള്‍ ബാഗുകളിലാക്കി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് നല്‍കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ് ഇവരുടെ ലക്ഷ്യം. 50 മുതല്‍ 100 രൂപവരെ ഒരു ചെറിയ പൊതിക്ക് ഈടാക്കുന്നു. അതുപോലെ സ്കൂള്‍, കോളജ് പരിസരങ്ങളും മാഫിയകളുടെ വിഹാരകേന്ദ്രമാണ്. ഇവിടങ്ങളിലും പരിശോധന ശക്തമല്ല. അതോടൊപ്പം ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.