ശ്രീനാരായണപുരം വിനോദ സഞ്ചാര പദ്ധതി ഉദ്ഘാടനം ഇന്ന്

രാജാക്കാട്: ശ്രീ നാരായണപുരം റിപ്പ്ള്‍ ഫാള്‍സ് ടൂറിസം പദ്ധതി തിങ്കളാഴ്ച രാവിലെ 11ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. രാജാക്കാട്, കുഞ്ചിത്തണ്ണി, അടിമാലി റൂട്ടില്‍ തേക്കിന്‍കാനത്തിന് സമീപമാണ് വിശാലമായ പുഴയോരവും വെള്ളച്ചാട്ടങ്ങളുമെല്ലാം ഉള്‍പ്പെടുന്ന നയനമനോഹരമായ ശ്രീനാരായണപുരം. മെയിന്‍റോഡില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അടുത്ത്, തേക്കിന്‍കാനം പന്നിയാര്‍കുട്ടി റോഡിനോട് ചേര്‍ന്നാണിവിടം. മൂന്നാര്‍ നല്ലതണ്ണി മലനിരകളില്‍ ഉദ്ഭവിച്ച് ഒഴുകിയത്തെുന്ന മുതിരപ്പുഴയാര്‍ രാജാക്കാട് വെള്ളത്തൂവല്‍ പഞ്ചായത്തുകള്‍ക്ക് അതിരിട്ടാണ് ഇതുവഴി ഒഴുകുന്നത്. പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിയത്തെുന്ന പുഴക്ക് ഈ ഭാഗത്ത് 50 മീറ്ററിലധികം വീതിയുണ്ട്. ഇരുകരയെയും സ്പര്‍ശിച്ച് കിടക്കുന്ന നിരപ്പാര്‍ന്ന പാറപ്പുറം പുഴയുടെ നടുഭാഗത്തോളം ഇറങ്ങിച്ചെല്ലുന്നുണ്ട്. ഈ പാറക്കെട്ടുകളുടെ വിടവിലൂടെ കുത്തിയൊഴുകുന്ന വെള്ളം 150 അടിയിലേറെ താഴ്ചയിലേക്കാണ് പതിക്കുന്നത്. ഇതിന്‍െറ തൊട്ടുതാഴെയായി വലുതും ചെറുതുമായ നാലു വെള്ളച്ചാട്ടങ്ങള്‍ കൂടിയുണ്ട്. പ്രശാന്തമായ അന്തരീക്ഷവും ഈര്‍പ്പം നിറഞ്ഞ കാറ്റും സൂര്യാസ്തമയക്കാഴ്ചകളും മായികമായ ആകര്‍ഷണമാണ് സൃഷ്ടിക്കുന്നത്. ഈ സൗന്ദര്യം ആസ്വദിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി ദിവസവും നൂറുകണക്കിന് സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളാണ് വര്‍ഷങ്ങളായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരു കോടി എട്ട് ലക്ഷം രൂപ മതിപ്പുചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. 200 മീറ്റര്‍ നടപ്പാത, മൂന്ന് പവിലിയനുകള്‍, രണ്ട് കഫറ്റീരിയകള്‍, ടിക്കറ്റ് കൗണ്ടര്‍, ശൗചാലയങ്ങള്‍ എന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനാവശ്യമായി വന്ന ചെലവ്. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കലക്ടര്‍ വി. രതീശന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. തോമസ് കോര, നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ റെജി പനച്ചിക്കല്‍, ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സതി എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.