55 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ

-ഉഡുപ്പിയിൽ ആദ്യ കോവിഡ് മരണം -ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1147 ആയി -ബംഗളൂരുവിന് ആശ്വാസ ദിനം ബംഗളൂരു: സംസ്ഥാനത്ത് ആശങ്കപരത്തി വീണ്ടും കോവിഡ് രോഗ വ്യാപനം. ഞായറാഴ്ച സംസ്ഥാനത്ത് 55 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,147 ആയി ഉയർന്നു. ഞായറാഴ്ച തുമകുരുവിലും ചിക്കബെല്ലാപുരയിലും ഒരോരുത്തരും കലബുറഗിയിൽ നാലുപേരും ബംഗളൂരുവിൽ ഏഴുപേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ സംസ്ഥാനത്ത് 509 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 600 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ഉഡുപ്പി ജില്ലയിൽ ആദ്യമായി കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 54 കാരനാണ് ഹൃദയാഘാതത്തെ തുടർന്ന് മേയ് 14 ന് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റിവായത്. മുംബൈയിൽനിന്നാണ് ഇയാൾ എത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 55 പേരിൽ 42 പേരും ഇതര സംസ്ഥാനങ്ങളിൽനിന്നും കഴിഞ്ഞ ദിവസങ്ങളിലായി എത്തിയവരാണ്. മാണ്ഡ്യ (22), കലബുറഗി (10),ഹാസൻ (6),ധാർവാഡ് (4), യാദ്ഗിർ (3),കോലാർ (3),ദക്ഷിണ കന്നട (2),ശിവമൊഗ്ഗ (2),ഉഡുപ്പി (1),വിജയപുര (1), ഉത്തര കന്നട (1) എന്നിങ്ങനെയാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ബംഗളൂരുവിൽ ഞായറാഴ്ച പുതിയ പോസിറ്റിവ് കേസുകളില്ല. മാണ്ഡ്യയിൽ േരാഗം സ്ഥിരീകരിച്ച 22പേരിൽ 19േപരും മുംബൈയിൽനിന്നും എത്തിയവരാണ്. മൂന്നുപേർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്. കോലാറിൽ ചെന്നൈയിൽനിന്ന് എത്തിയ ഒരാൾക്കും ദക്ഷിണ കന്നടയിൽ മുംബൈയിൽനിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഹാസൻ, ധാർവാഡ്, ശിവമൊഗ്ഗ, കോലാർ, കലബുറഗി, യാദ്ഗിർ എന്നിവിടങ്ങളിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം േപരും മുംബൈയിൽനിന്ന് എത്തിയവരാണ്. കേന്ദ്ര മാർഗനിർദേശ പ്രകാരം പുതിയ ഇളവുകൾ -സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ നിലവിലെ സ്ഥിതി തുടരും ബംഗളൂരു: കർണാടകയിൽ നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും മേയ് 19 വരെ തുടരാൻ തീരുമാനം. തുടർന്ന് മേയ് 31വരെ കേന്ദ്രം നിർദേശിച്ച പുതിയ മാർഗനിർദേശ പ്രകാരമുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരാനാണ് തീരുമാനം. നിലവിലുള്ള ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും അതുപോലെ തുടരും. മേയ് രണ്ടിന് സംസ്ഥാനത്ത് പ്രഖ്യാപിച്ച് ലോക്ഡൗൺ മാനദണ്ഡങ്ങൾ രണ്ടു ദിവസം കൂടി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്രത്തിൻെറ മാർഗ നിർദേശത്തിൽ സംസ്ഥാനങ്ങളുടെ അനുമതിയോടെ അന്തർ സംസ്ഥാന ബസ് സർവിസ് നടത്താമെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തിനുള്ളിലും ജില്ലകൾക്കുള്ളിലും ബസ് സർവിസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. ഇത്തരം കാര്യങ്ങളിൽ കൂടി വ്യക്തത വന്നശേഷമായിരിക്കും സംസ്ഥാനത്തും പുതിയ മാർഗനിർദേശ പ്രകാരമുള്ള ഇളവുകൾ നടപ്പാക്കുക. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ നിയന്ത്രിത മേഖലയിൽ ഒഴികെ അതത് ജില്ലകളിലെ വാഹന സർവിസിനുള്ള ഇളവ് വരും ദിവസങ്ങളിലും തുടരും. രാത്രി ഏഴു മുതൽ പുലർച്ചെ ഏഴുവരെയുള്ള കർഫ്യു മേയ് 31വരെ തുടരാനാണ് സംസ്ഥാന തീരുമാനം. ഇതിനിടെ, പൊതു ഗതാഗതം ആരംഭിക്കാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിയും ഗതാഗത വകുപ്പിൻെറ ചുമതലയുള്ള മന്ത്രിയുമായ ലക്ഷ്മൻ സവാദി കേന്ദ്രത്തിന് കത്തയച്ചു. കോവിഡ്19 മാർഗനിർദേശത്തോടെ ബംഗളൂരുവിൽ ബി.എം.ടി.സി സർവിസും സംസ്ഥാനത്ത് കർണാടക ആർ.ടി.സി സർവിസും ആരംഭിക്കാനുള്ള ഒരുക്കം ഗതാഗത വകുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുഗതാഗതം ആരംഭിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി, കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചത്. ലോക്ഡൗണിനുശേഷം കർണാടക ട്രാൻസ്പോർട്ട് കോർപറേഷന് 1600 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. നോൺ എ.സി ബസുകൾക്ക് അനുമതി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിനുള്ളിലും ജില്ലക്കുള്ളിലുമുള്ള സർവിസുകൾ പുനരാരംഭിക്കാനുള്ള ഇളവ് നൽകണമെന്നും മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാ‍യിരിക്കും ബസുകൾ ഒാടിക്കുകയെന്നും ഉപമുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു. മെട്രോ ട്രെയിൻ സർവിസും ആഭ്യന്തര വിമാന സർവിസും മേയ് 31വരെ തുടരേണ്ടതില്ലെന്ന് വ്യക്തമാക്കിയതോടെ ബംഗളൂരു മെട്രോ സർവിസ് ഉൾപ്പെടെ സർവിസ് പുനരാരംഭിക്കില്ല. ജിമ്മുകളും ഫിറ്റ്നസ് സൻെററുകളും തുറക്കണമെന്ന് കർണാടക ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ കേന്ദ്ര മാർഗനിർദേശത്തിൽ ഇളവ് നൽകിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.