തൃക്കുന്നപ്പുഴ: രൂക്ഷ കടൽക്ഷോഭത്തിെൻറ സൂചന നൽകി ആറാട്ടുപുഴയുടെ തീരങ്ങളിൽ പലയിടത്തും കടൽ കരയിലേക്ക് കയറി ഒഴുകാൻ തുടങ്ങി. ബുധനാഴ്ച ഉച്ചക്ക് 12ഒാടെയാണ് കടൽക്ഷോഭം ഉണ്ടായത്. പെരുമ്പള്ളി, നല്ലാണിക്കൽ, കള്ളിക്കാട് എന്നിവിടങ്ങളിലാണ് കടൽ ശക്തമായി കരയിലേക്ക് ആഞ്ഞടിച്ചത്. വാവുമായി ബന്ധപ്പെട്ട് സ്വാഭാവിക വേലിയേറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്തരത്തിൽ കടൽകയറുന്നത് അപൂർവമാണെന്ന് പ്രദേശത്തെ പഴമക്കാർ പറയുന്നു. ഈ വർഷത്തിൽ ഇത്തരത്തിലുണ്ടാകുന്ന ഏറ്റവും ശക്തമായ കടൽക്ഷോഭമാണ് ബുധനാഴ്ച ഉണ്ടായത്. കടൽ കയറിയ പ്രദേശങ്ങളിൽ ചിലയിടത്ത് തീരദേശ റോഡ് മറികടന്ന് കടൽജലം കിഴക്കൻ പ്രദേശത്തേക്കൊഴുകി. തീരദേശ റോഡ് ഉയർത്തി പുനർനിർമിച്ചതുമൂലം ജലം ഒഴുകാതെ കെട്ടിക്കിടക്കുന്ന സാഹചര്യവും ഉണ്ട്. പെരുമ്പള്ളിയിൽ അഞ്ച് വീടുകളിൽ പൂർണമായും വെള്ളം കയറിയ നിലയിലാണ്. കടൽഭിത്തി പൂർണമായും തകർന്ന നല്ലാണിക്കൻ ഭാഗത്ത് പല വീടുകളും കടൽക്ഷോഭ ഭീഷണിയിലാണ്. കള്ളിക്കാട് മീശമുക്ക് ഭാഗത്ത് ഉണ്ടായിരുന്ന തട്ടുകട, വിശ്രമകേന്ദ്രം എന്നിവ വെള്ളം കയറിയ നിലയിലാണ്. കടൽഭിത്തി ഇല്ലാത്തതും ദുർബലവുമായ തീരങ്ങളിലൂടെയാണ് കടൽ കയറുന്നത്. കടൽഭിത്തിയുടെ പിൻബലമില്ലാതെ പുലിമുട്ട് നിർമിക്കുന്നതും അശാസ്ത്രീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. തീരദേശത്തെ അടിയന്തര സാഹചര്യം മുൻനിർത്തി ശക്തമായ കടൽഭിത്തി നിർമിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്. അല്ലാത്തപക്ഷം വരുന്ന കാലവർഷത്തിൽ തീരദേശം വൻ കടൽക്ഷോഭത്തെ നേരിടേണ്ടി വരും. തീരദേശ മേഖലയോടുള്ള ഇടതുസർക്കാറിെൻറ അവഗണനക്കെതിരെ യു.ഡി.എഫിെൻറ നേതൃത്വത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ ബുധനാഴ്ച സത്യഗ്രഹം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.