വടുതല: പാണാവള്ളി ബോട്ട് സ്റ്റേഷനിൽനിന്ന് പെരുമ്പളം വഴിയുള്ള ബോട്ടുകള്‍ നിരന്തരം മുടങ്ങുന്നത് ദ്വീപ് നിവാസികൾക്ക് ദുരിതമാകുന്നു. സർവിസ് മുടങ്ങുമ്പോള്‍ പകരം ഓടിക്കാനുള്ള ബോട്ടില്ലാത്തതാണ് പ്രധാനപ്രശ്നം. സ്പെയര്‍ ബോട്ട് മുമ്പ് ഉണ്ടായിരുന്നു. ഇപ്പോള്‍ സ്പെയര്‍ ബോട്ട് എന്ന പേരില്‍ ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുന്ന ബോട്ട് തകരാര്‍ മൂലം സർവിസ് നടത്താൻ പറ്റുന്നതല്ല. ജലഗതാഗത വകുപ്പിെൻറ ബോട്ടുകളാണ് പാണാവള്ളി ബോട്ട് സ്റ്റേഷനോടനുബന്ധിച്ച് സര്‍വിസ് നടത്തുന്നത്. പാണാവള്ളി -പെരുമ്പളം മാര്‍ക്കറ്റ്, വാത്തികാട് -പൂത്തോട്ട ഫെറികളില്‍ ഓരോ ബോട്ടും എറപ്പുഴ--പറവൂര്‍ ഫെറിയിലും പാണാവള്ളി--പൂത്തോട്ട ഫെറിയിലും രണ്ട് വീതം ബോട്ടുകളുമാണ് സര്‍വിസ് നടത്തുന്നത്. ഇവയില്‍ ഏതെങ്കിലും ഒരു ബോട്ടിന് കേടുവന്നാല്‍ പകരം ഓടിക്കാന്‍ ബോട്ടില്ല. ഫ്രഷ് വാട്ടര്‍ പമ്പ്, ഗിയര്‍ ലിവർ, പ്ലാഞ്ച് ബോട്ട്, ചുക്കായം തുടങ്ങിയ ഭാഗങ്ങളിലാണ് മിക്കപ്പോഴും തകരാര്‍ വരുന്നത്. ആലപ്പുഴ ഡോക്കില്‍ കൊണ്ടുചെന്നാണ് ഇവയുടെ തകരാര്‍ പരിഹരിക്കുന്നത്. അതുവരെ സർവിസ് മുടങ്ങും. ന്യൂ സൗത്ത്, സൗത്ത്, മുക്കം മേഖലയിലുള്ളവരാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഏതുറൂട്ടിലെ ബോട്ട് കേടായാലും പിന്‍വലിക്കുന്നത് പൂത്തോട്ട--പാണാവള്ളി റൂട്ടിലെ ബോട്ടുകളില്‍ ഒന്നാകും. പാണാവള്ളി, പൂത്തോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ പോകാനുള്ളവര്‍ മുക്കണ്ണന്ചിറയിലോ ശാസ്താങ്കലോവരെ പോയാലേ ബോട്ട് കിട്ടൂ. പാണാവള്ളി ബോട്ട് സ്റ്റേഷനിലെ സര്‍വിസുകള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ പെരുമ്പളം ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷന് നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം പാണാവള്ളി ബോട്ട് സ്റ്റേഷനിൽ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ യോഗം വിളിച്ചിരുന്നു. എന്നാൽ, യോഗതീരുമാനങ്ങള്‍ ഒന്നും നടപ്പാക്കിയിട്ടില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.