ഭക്ഷ്യസുരക്ഷ ലൈസന്‍സ് മേളക്കും റാലിക്കും നാളെ തുടക്കം

ആലപ്പുഴ: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്തുകളായി തെരഞ്ഞടുക്കപ്പെട്ട കഞ്ഞിക്കുഴി, ചുനക്കര, മുതുകുളം, അരൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്‍െറ ഭാഗമായി മുതുകുളം പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷ ലൈസന്‍സ് മേള, ബോധവത്കരണ ക്ളാസ്, രജിസ്ട്രേഷന്‍ മേള, വിളംബര റാലി എന്നിവ ബുധനാഴ്ച നടക്കും. മുതുകുളം പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30നാണ് പരിപാടി. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളിലെ പരിശോധന നടന്നുവരുകയാണ്. ഇവിടങ്ങളില്‍നിന്നെടുക്കുന്ന വെള്ളം മൈക്രോ ബയോളജി പരിശോധനക്ക് അയച്ച് അതിന്‍െറ ഫലം ജനങ്ങള്‍ക്ക് നല്‍കും. ഇതുവഴി കൂടുതല്‍ സുരക്ഷിതമായ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നതിന് ജനങ്ങളില്‍ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഭക്ഷണ പദാര്‍ഥങ്ങളുടെ ലേബലില്‍ 13 ഇനങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. പഞ്ചായത്തുകളില്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ലേബലില്‍ ഇവയുണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം ഇക്കാര്യത്തില്‍ നിര്‍മാതാവിനും വിതരണക്കാരനും പൊതുസമൂഹത്തിനും ആവശ്യമായ വിവരം നല്‍കും. നിര്‍മാതാവിനും വിതരണക്കാരനും ഇതിനാവശ്യമായ കാര്യങ്ങളില്‍ സഹായം ചെയ്യാനാണ് ലൈസന്‍സ്-രജിസ്ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. ഭക്ഷ്യവസ്തുവിന്‍െറ പേര്, ചേരുവകളുടെ പട്ടിക, പോഷകഘടകങ്ങളുടെ വിവരം, വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടയാളം, രുചി കൂട്ടാനുപയോഗിച്ചവ സംബന്ധിച്ച വിവരം, നിര്‍മാതാവിന്‍െറ പൂര്‍ണ വിലാസം, അളവ്/തൂക്കം, ബാച്ച് നമ്പര്‍/കോഡ്, നിര്‍മിച്ച/പാക്ക് ചെയ്ത തീയതി, ഉപയോഗിക്കാവുന്ന തീയതി, ഇറക്കുമതി ചെയ്തതാണെങ്കില്‍ ഉല്‍പാദിപ്പിച്ച രാജ്യം, ഉപയോഗിക്കേണ്ട രീതി, ഭക്ഷ്യസുരക്ഷ ലൈസന്‍സ് നമ്പറും എഫ്.എസ്.എസ്.എ.ഐ ലോഗോ എന്നിവ ഭക്ഷണ പദാര്‍ഥങ്ങളുടെ ലേബലില്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മേള ഒമ്പതിന് പഞ്ചായത്ത് ഹാളില്‍ നടക്കും. ഭക്ഷ്യസുരക്ഷ വിളംബര റാലി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. അരൂര്‍ പഞ്ചായത്ത് മേള ഈ മാസം 10നും ഭക്ഷ്യസുരക്ഷ വിളംബര റാലി 17നും നടക്കും. വിളംബര റാലി എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചുനക്കരയിലെ മേളയും റാലിയും 18ന് ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.