ചാരുംമൂട്: ചാരുംമൂട് മേഖലയിൽ ഡെങ്കിപ്പനിയും പകർച്ചപ്പനിയും വ്യാപകമാകുന്നു. മഴ തുടങ്ങിയതോടെ പനിക്കൊപ്പം മറ്റ് രോഗങ്ങളും പടർന്നുപിടിക്കുകയാണ്. ചുനക്കര, പാലമേൽ, താമരക്കുളം പഞ്ചായത്തുകളിൽ നിരവധി പേർ ഡെങ്കിപ്പനി ബാധിച്ച് സർക്കാർ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ചുനക്കര പഞ്ചായത്തിലെ കോമല്ലൂർ, പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, താമരക്കുളം പഞ്ചായത്തിലെ ചത്തിയറ എന്നിവിടങ്ങളിലാണ് െഡങ്കിപ്പനി ബാധയെത്തുടർന്ന് കുട്ടികളടക്കം നിരവധി പേർ ചികിത്സയിലുള്ളത്.ദിനേന നൂറുകണക്കിന് രോഗികളാണ് പകർച്ചപ്പനിയുമായി സ്വകാര്യ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സതേടി എത്തുന്നത്. കഴിഞ്ഞദിവസം പനി ബാധിച്ച് ചുനക്കര കരിമുളക്കൽ ശ്രീലത മരിച്ചിരുന്നു. മേഖലയിലെ കിഴക്കൻ ഭാഗങ്ങളിലും വയലോര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. നൂറനാട് െലപ്രസി സാനറ്റോറിയം, ചുനക്കര സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നൂറുകണക്കിന് പേരാണ് കഴിഞ്ഞദിവസങ്ങളിൽ പനിബാധിച്ച് എത്തിയത്. എന്നാൽ, ഉളവുക്കാട് അടക്കമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് മരുന്നും ഡോക്ടർമാരുടെ സേവനവും ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുമ്പ് ചികുൻഗുനിയ അടക്കമുള്ള രോഗങ്ങൾ പടർന്നുപിടിച്ചിരുന്ന പ്രദേശങ്ങളിലും പനി വ്യാപകമാണ്. മേഖലയിലെ പല പഞ്ചായത്തുകളിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പേരിന് മാത്രം നടത്തുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. പ്രധാന ജങ്ഷനുകൾക്ക് സമീപം ഇപ്പോഴും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, െഡങ്കിപ്പനിയും പകർച്ചപ്പനിയും കൂടുതലായി കണ്ട ചില പ്രദേശങ്ങളിൽ കൊതുകുപ്രജനന ഉറവിടനശീകരണം, ക്ലോറിനേഷൻ, രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പ് എന്നിവ നടക്കുന്നുണ്ടെങ്കിലും പനിബാധിതരുടെ എണ്ണം ദിനേന വർധിക്കുകയാണ്. മഴക്കാലപൂർവ പ്രതിരോധം യഥാസമയം നടത്താതിരുന്നതാണ് പനിയടക്കമുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.