കുട്ടനാട്: വിതയ്ക്കേണ്ട ദിവസം പിന്നിട്ടിട്ടും മുൻകൂർ പണമടച്ച വിത്തു കിട്ടാത്തതിനെത്തുടർന്ന് രണ്ടാം കൃഷി അനിശ്ചിതത്വത്തിൽ. ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന ചിറയ്ക്കുപുറം പാടശേഖരത്തിലെ രണ്ടാംകൃഷിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൃഷിക്കായി നിലമൊരുക്കൽ ജോലികൾ പൂർത്തിയായിട്ട് നാലഞ്ചു ദിവസമായി. കഴിഞ്ഞ 31ന് വിത്തു ലഭിക്കണമെന്നാണ് പണമടയ്ക്കുമ്പോൾ പാടശേഖരസമിതി ആവശ്യപ്പെട്ടിരുന്നത്. രണ്ടു മാസം മുൻപാണ് ചമ്പക്കുളം കൃഷിഭവനിൽ കർഷകർ പണമടച്ചത്. സൗജന്യമായി കിട്ടുന്ന നാൽപതു കിലോഗ്രാം വിത്തിനു പുറമെ ഏക്കറൊന്നിന് പത്തു കിലോഗ്രാം വീതം വിത്തിെൻറ പണം അടച്ചിരുന്നതാണ്. കഴിഞ്ഞ അഞ്ചിനെങ്കിലും വിത്തു ലഭിക്കുമെന്നാണ് കർഷകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിതസമയം കഴിഞ്ഞിട്ടും വിത്തു ലഭിക്കാഞ്ഞതിൽ കർഷകർ കടുത്ത അമർഷത്തിലാണ്. തങ്ങൾക്കു നൽകേണ്ട വിത്ത് മറ്റേതോ പ്രദേശത്തെ കരകൃഷിക്കായി നൽകിയെന്നാണ് ഏജൻറുമാരിൽനിന്നും ലഭിക്കുന്ന മറുപടിയെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നു. യഥാസമയം വിത നടന്നു കൃഷി ആരംഭിക്കാനായില്ലെങ്കിൽ പാടത്ത് കള കിളിർക്കും. വൈകി കൃഷിയിറക്കിയാൽ പിന്നീട് കള നശിപ്പിക്കാൻ ഏറെ കീടനാശിനി ഉപയോഗിക്കേണ്ടതായി വരും. വിളവെടുപ്പുവരെ പ്രതികൂല കാലാവസ്ഥയെ നേരിടേണ്ടിവരും. അടുത്ത പുഞ്ചകൃഷിയും വൈകാനും ഇത് കാരണമാകുമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. വിത്തു കിട്ടാൻ വൈകിയാൽ കൃഷി ഉപേക്ഷിച്ച പാടത്തു വീണ്ടും വെള്ളം കയറ്റാനാണ് തീരുമാനമെന്ന് പാടശേഖരസമിതി സെക്രട്ടറി ഫ്രാൻസീസ് കുരുവിള പടവുപുരയ്ക്കൽ, കൺവീനർ ലാലിച്ചൻ മരിയാസദനം എന്നിവർ പറഞ്ഞു. എന്നാൽ, പാടശേഖരത്തിൽ വെള്ളം കയറ്റിയാൽ അതോടെ പാടശേഖരത്തിനു സമീപത്തു കൂടി കടന്നു പോകുന്ന എം.സി റോഡ് വെള്ളത്തിനടിയിലാകും. കാലവർഷം ആരംഭിക്കും മുമ്പേ പാടത്തു വെള്ളം കയറ്റിയപ്പോൾ റോഡിൽ വെള്ളം കയറിയിരുന്നു. ഇതേത്തുടർന്ന് വെള്ളക്കെട്ടൊഴിവാക്കാൻ കൂടി ലക്ഷ്യമിട്ട് പാടത്ത് രണ്ടാം കൃഷിയിറക്കണമെന്ന് കൃഷി വകുപ്പധികൃതർ പാടശേഖര സമിതിയോട് നിർദേശിക്കുകയായിരുന്നു. അതേസമയം, രണ്ടു മൂന്നു ദിവസത്തിനകം തന്നെ കർഷകർക്ക് വിത്തെത്തിക്കാനാകുമെന്ന് ചമ്പക്കുളം കൃഷി ഓഫിസർ പറഞ്ഞു. പാടശേഖര സമിതി വളരെ നേരത്തെ തന്നെ വിത്തിനായി പണമടച്ചിരുന്നതാണ്. സമയത്തിന് വിത്ത് നൽകാൻ സീഡ് അതോറിറ്റിയുമായി ബന്ധപ്പെടുന്നുണ്ടെന്നും കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.