കൃഷ്ണന്‍കുട്ടിയുടെ ആത്മഹത്യ: റവന്യൂ- ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണം –പി.സി. ജോര്‍ജ്

ആലപ്പുഴ: വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ മാങ്കാംകുഴി സ്വദേശി കൃഷ്ണന്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ- ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. എജുക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലുപാലം എസ്.ബി.ടി ലീഡ് ബാങ്കിനുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം സബ്മിഷനായി ഉന്നയിക്കും. ആദ്യം ഉദ്യോഗസ്ഥര്‍ ലോണ്‍ കൊടുക്കാന്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പിന്നീട് തല്ലും ബഹളവുമായപ്പോള്‍ അത് നല്‍കിത്തുടങ്ങി. എന്നാല്‍, ഇപ്പോള്‍ ബാങ്കേഴ്സ് അസോസിയേഷന്‍ എന്ന വരട്ട് സംഘടനയുണ്ടാക്കി പ്രധാനമന്ത്രിയെയും റിസര്‍വ് ബാങ്കിനെയും കടത്തിവെട്ടി ബാങ്ക് ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോവുകയാണ്. റിലയന്‍സ് മുതലാളി പറയുന്നതുപോലെ ഒപ്പിട്ടുകൊടുത്ത് പാവപ്പെട്ടവന്‍െറ വസ്തു ജപ്തിചെയ്യാന്‍ തുടങ്ങിയാല്‍ തിരിച്ചടിക്കും. നാലുലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് ഈട് നല്‍കേണ്ട. ഈടില്ലാത്ത ലോണ്‍ എങ്ങനെയാണ് ജപ്തിചെയ്യാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഘടനാ ചീഫ് കോഓഡിനേറ്റര്‍ ജോസ് ഫ്രാന്‍സിസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. രാമചന്ദ്രന്‍, സംസ്ഥാന പ്രസിഡന്‍റ് തങ്കച്ചന്‍ ജോസ്, വൈസ് പ്രസിഡന്‍റ് രാജന്‍ കെ. നായര്‍, ജില്ലാ പ്രസിഡന്‍റ് ദേവസ്യ തോമസ്, ജോ. സെക്രട്ടറി അനിരുദ്ധന്‍, ജോര്‍ജ് മാത്യു, അബ്ദുസ്സലാം, ബിഹാദ് തൈക്കൂട്ടം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.