ഡാണാപ്പടി-കാര്‍ത്തികപ്പള്ളി റോഡിന്‍െറ വശങ്ങളില്‍ മാലിന്യം: ഇവിടെ നടക്കാനാകില്ല, മൂക്കുപൊത്താതെ

ഹരിപ്പാട്: ഡാണാപ്പടി-കാര്‍ത്തികപ്പള്ളി റോഡിന്‍െറ ഇരുവശങ്ങളിലും മാലിന്യം ചാക്കില്‍ നിറച്ച് തള്ളുന്നു. മാലിന്യത്തിന്‍െറ ദുര്‍ഗന്ധം യാത്രക്കാര്‍ക്ക് അസഹനീയമായി മാറുകയാണ്. റോഡിലൂടെ മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. കിലോമീറ്ററുകളോളം ദൂരത്തിലാണ് മാലിന്യക്കെട്ടുകള്‍ ദിവസേന കാണപ്പെടുന്നത്. മുമ്പ് മാലിന്യം തള്ളിയിരുന്ന കാര്‍ത്തികപ്പള്ളി തോട് അടുത്തിടെ നവീകരിച്ച് വൃത്തിയാക്കിയിരുന്നു. ഇപ്പോള്‍ റോഡിന്‍െറ വശങ്ങളിലാണ് മാലിന്യം തള്ളുന്നത്. ഹരിപ്പാട് നഗരത്തിന്‍െറ പലഭാഗങ്ങളിലും സമാനമായ അവസ്ഥയുണ്ട്. ടൗണ്‍ഹാള്‍ ജങ്ഷനില്‍നിന്ന് വീയപുരത്തേക്ക് പോകുന്ന റോഡരികിലും മാലിന്യച്ചാക്കുകള്‍ കാണാം. ഗവ. ആശുപത്രി ജങ്ഷന് പടിഞ്ഞാറ്, പിള്ളത്തോട് നവീകരിച്ച ഭാഗത്തുമൊക്കെ ഇത്തരത്തില്‍ മാലിന്യം കൊണ്ടിടുന്നത് പതിവാണ്. ഡാണാപ്പടി പുത്തന്‍പാലത്തിലെ അപ്രോച്ച് റോഡിന് ഇരുഭാഗത്തുനിന്ന് ജനമൈത്രി പൊലീസ് മാലിന്യം നീക്കിയിരുന്നു. അവിടെ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസിന്‍െറ അറിയിപ്പും ഉണ്ടായി. എന്നാല്‍, അതൊന്നും ഫലവത്തായില്ല. മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിച്ചു. മാലിന്യത്തിന് സമീപം നായ്ക്കളുടെ കടിപിടിക്കിടെ വഴിയാത്രക്കാര്‍ ഭീതിയോടെയാണ് പോകുന്നത്. എട്ടുമാസം മുമ്പ് രൂപവത്കരിച്ച ഹരിപ്പാട് നഗരസഭക്ക് മാലിന്യം നീക്കുന്നതിനോ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിയോ ഒരു പദ്ധതിയുമില്ളെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.