കണിച്ചുകുളങ്ങര: തുറവൂര്‍ ഉപജില്ലാ സ്കൂള്‍ കായികമേളക്ക് താളപ്പിഴയോടെ തുടക്കം. അവധിക്കാലത്ത് മേള വെച്ചതാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസമായത്. മത്സരങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ നട്ടംതിരിഞ്ഞു. അവധി ദിവസങ്ങളില്‍ മേള നടത്താന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തുറവൂര്‍ ഉപജില്ലാ ഗെയിംസ് അസോസിയേഷന്‍െറ കീഴില്‍ 17 മുതല്‍ ഒരാഴ്ച വരെ നീളുന്ന മേള കണിച്ചുകുളങ്ങരയിലാണ് നടക്കുന്നത്. അവധിക്കാലമായതിനാല്‍ കുട്ടികള്‍ ബന്ധുക്കളുടെ വീടുകളിലും വിനോദസഞ്ചാരങ്ങള്‍ക്കും പോയതിനാല്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനോ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്താനോ കഴിയുന്നില്ല. ഇതേതുടര്‍ന്ന് ചില മത്സരങ്ങളില്‍നിന്ന് ഒഴിവായി നില്‍ക്കേണ്ട സ്ഥിതിയായി. കഴിഞ്ഞവര്‍ഷവും അവധിദിവസമാണ് കായികമേള സംഘടിപ്പിച്ചത്. ഇതുമൂലം നിരവധി വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെവരുകയും സ്കൂളുകള്‍ക്ക് ലഭിക്കേണ്ട പോയന്‍റ് കുറയുകയും ചെയ്തു. ഇതേതുടര്‍ന്ന് സമയം വ്യത്യാസപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ചാണ് ഇത്തവണയും ഓണം, ബലിപെരുന്നാള്‍ അവധിയില്‍ കായികമേള സംഘടിപ്പിക്കുന്നത്. എന്നാല്‍, പ്രവൃത്തിദിവസങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ ഗ്രൗണ്ട് ലഭ്യമല്ലാത്തതുകൊണ്ടാണ് അവധിക്കാലത്ത് നടത്തുന്നതെന്നാണ് അധികൃതരുടെ വാദം. ആദ്യദിനം ഷട്ട്ല്‍, ക്രിക്കറ്റ് മത്സരങ്ങളാണ് നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍ തുടങ്ങിയവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.