ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് സേവനം താളംതെറ്റുന്നു

ആലപ്പുഴ: ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും കുറവുമൂലം ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് സേവനം താളംതെറ്റുന്നു. ഒരു ചെറിയ ആംബുലന്‍സും വലിയ ആംബുലന്‍സുമായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. ഇതില്‍ ചെറിയ വാഹനം കാലപ്പഴക്കംമൂലം തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിവളപ്പില്‍ വിശ്രമത്തിലാണ്. ഒരു ആംബുലന്‍സ് മാത്രമാണ് പ്രവര്‍ത്തനത്തിലുള്ളത്. ഇതാകട്ടെ, ചില സമയങ്ങളില്‍ ഡ്രൈവര്‍ ഇല്ലാതാവുമ്പോള്‍ ഓടാറുമില്ല. ഇക്കാരണത്താല്‍ അത്യാവശ്യ ഘട്ടങ്ങളില്‍പോലും രോഗികള്‍ക്ക് സേവനം ലഭിക്കാത്ത സാഹചര്യമാണ്. ഇതുസംബന്ധിച്ച് രോഗികള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അപകടത്തില്‍പ്പെട്ടും അല്ലാതെയുമായി നിരവധി പേര്‍ ചികിത്സതേടി എത്താറുള്ള ആശുപത്രിയാണിത്. ആരോഗ്യനില വഷളായവരെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് പതിവാണിവിടെ. ഇവര്‍ക്കെല്ലാം മതിയായ ആംബുലന്‍സ് സേവനം ലഭിക്കുന്നില്ല. ടാക്സികളെയോ മറ്റ് സ്വകാര്യ വാഹനങ്ങളെയോ ആണ് ഇവര്‍ ആശ്രയിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍പോലും കിട്ടാതെ വലയുന്ന സാഹചര്യമുണ്ടാകാറുണ്ട്. സ്വകാര്യ ആംബുലന്‍സ് സര്‍വിസുകളെ ആശ്രയിക്കുമ്പോള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കേടായ ആംബുലന്‍സ് വിറ്റ് പുതിയത് വാങ്ങാന്‍ ആശുപത്രി മാനേജ്മെന്‍റ് ആലോചിച്ചിരുന്നു. എന്നാല്‍, ഇതൊന്നും പ്രാവര്‍ത്തികമായില്ല. പുതിയ ആംബുലന്‍സ് വാങ്ങാന്‍ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍നിന്ന് പണം അനുവദിച്ചിരുന്നു. ഇതിനും തുടര്‍നടപടിയുണ്ടായില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാത്തത് രോഗികളെ വലക്കുകയാണ്. നിലവിലെ ആംബുലന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.