ആറാട്ടുപുഴ: തീരം കവര്‍ന്നെടുത്ത് കടലിന്‍െറ സംഹാരതാണ്ഡവം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ കടലോരവാസികളുടെ ജീവിതം വീണ്ടും ദുരിതത്തിലാുന്നു. ഏക്കറുകണക്കിന് ഭൂമി കടലെടുത്തു. 15ഓളം വീടുകള്‍ കടുത്ത ഭീഷണിനേരിടുന്നു. തെങ്ങുകള്‍ കടപുഴകി. റോഡ് തകര്‍ന്നതിനാല്‍ ഗതാഗതം താറുമാറായി. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കടല്‍ക്ഷോഭവും ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കടലാക്രമണം തീരത്ത് കടുത്ത ദുരിതങ്ങളാണ് വിതച്ചത്. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍വരെ ഭാഗത്തെ റോഡ് ഭാഗികമായി തകര്‍ന്നു. വലുതും ചെറുതുമായ കരിങ്കല്ല് റോഡില്‍ നിരന്നുകിടക്കുകയാണ്. റോഡ് പലസ്ഥലങ്ങളിലും പൂര്‍ണമായും തകര്‍ന്നു. കാല്‍നടപോലും ദുസ്സഹമാണ്. ബസ് സര്‍വിസുകള്‍ ആറാട്ടുപുഴ സ്റ്റാന്‍ഡില്‍ അവസാനിപ്പിക്കുകയാണ്. പഞ്ചായത്തിന്‍െറ തെക്കന്‍ പ്രദേശത്തുള്ളവര്‍ ഇതുമൂലം കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. ആറാട്ടുപുഴ നല്ലാണിക്കല്‍ ഭാഗത്ത് കടലാക്രമണം കൊടിയനാശമാണ് വിതക്കുന്നത്. രണ്ടുദിവസം കൊണ്ട് 20 മീറ്ററോളം വീതിയില്‍ കര കടലെടുത്തുപോയി. കടലില്‍നിന്ന് ഏറെ അകലെയായി നിന്ന വീടുകള്‍ ഒരോദിവസം കഴിയുന്തോറും കടലുമായി അടുക്കുകയാണ്. നല്ലാണിക്കല്‍ അജയഭവനത്തില്‍ അജയന്‍, ദേവി മഠത്തില്‍ ജയ്സിങ്, പുത്തന്‍പറമ്പ് റാഫി, കരിത്തറയില്‍ ശ്യാമളന്‍, അരുണ്‍ ഭവനത്തില്‍ ശശികല, കരിത്തറയില്‍ ഗോപാലന്‍ എന്നിവരുടെ വീടുകളാണ് കടുത്ത ഭീഷണിനേരിടുന്നത്. വീടുകളിലധികവും അഞ്ചുകൊല്ലം മാത്രം പഴക്കമുള്ളതാണ്. നല്ലാണിക്കല്‍ ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും കടല്‍ഭിത്തിയില്ല. കുറച്ചുസ്ഥലത്ത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച കടല്‍ഭിത്തി ഇപ്പോള്‍ കടലിലാണ്. ഇവിടെ നിരവധി തെങ്ങുകള്‍ കടപുഴകി. രാമഞ്ചേരി ഭാഗത്തും സമാന അവസ്ഥയാണ്. പഞ്ചായത്തില്‍ കുറച്ചെങ്കിലും തീരമുള്ള പ്രദേശമാണിത്. മണല്‍ചാക്ക് അടുക്കിയും മണല്‍ഭിത്തി നിര്‍മിച്ചും കിടപ്പാടം സംരക്ഷിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് തീരവാസികള്‍. കൂടുതല്‍ അപകടാവസ്ഥയിലായ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.