ചെങ്ങന്നൂര്‍: ഒരിക്കല്‍ നിര്‍മാണോദ്ഘാടനം നടത്തിയ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭരണം മാറിയപ്പോള്‍ വീണ്ടും ഉദ്ഘാടനം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഉദ്ഘാടനം നടത്തി പണികള്‍ ആരംഭിച്ച ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പുതിയതായി നിര്‍മിക്കുന്ന ഗാരേജ് കോംപ്ളക്സിന്‍െറ ഉദ്ഘാടനമാണ് ഭരണമാറ്റത്തെ തുടര്‍ന്ന് വീണ്ടും നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഗാരേജിന്‍െറ നിര്‍മാണത്തിനായി മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ് തന്‍െറ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.17 കോടിയാണ് അനുവദിച്ചത്. 2015 ഒക്ടോബര്‍ രണ്ടിന് അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി പഴയ ഗാരേജ് പൂര്‍ണമായും പൊളിച്ചുനീക്കി. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ തുടങ്ങിവെച്ച പണികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം നിര്‍മാണജോലികള്‍ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ച ഗാരേജ് കം കോംപ്ളക്സിന്‍െറ പ്ളാന്‍ അശാസ്ത്രീയമാണെന്ന് കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞു. എസ്റ്റിമേറ്റ് പുതുക്കണമെന്നും രൂപരേഖ മാറ്റാന്‍ ആലോചന നടക്കുന്നുണ്ടെന്നും ഇതിനായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിലവിലെ രൂപരേഖ പ്രകാരം ഗാരേജിന്‍െറ നിര്‍മാണം വീണ്ടും നടത്താന്‍ തീരുമാനിച്ചു. ഗാരേജിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ എം.എല്‍.എ നടത്തിയ യോഗത്തിലാണ് നിര്‍മാണോദ്ഘാടനം ആഗസ്റ്റ് അഞ്ചിന് വീണ്ടും നടത്താന്‍ തീരുമാനിച്ചത്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ചെങ്ങന്നൂര്‍ ഡിപ്പോയുടെ ഗാരേജ് പെളിച്ചുനീക്കി ഈ ഭാഗം അടച്ചുകെട്ടിയതോടെ സ്റ്റാന്‍ഡില്‍ ബസ് പാര്‍ക്കുചെയ്യാനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗാരേജ് പൊളിച്ചുനീക്കിയ ഭാഗം ചളിക്കുണ്ടായതോടെ സര്‍വിസ് കഴിഞ്ഞ് സ്റ്റേഷനില്‍ എത്തുന്ന ബസുകള്‍ എം.സി റോഡിലാണ് പാര്‍ക്കുചെയ്യുന്നത്. എം.സി റോഡില്‍ നിരനിരയായി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുമൂലം ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ആഗസ്റ്റ് 17ന് മലയാള വര്‍ഷം ആരംഭിക്കുന്നതോടെ ശബരിമലയുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടും. നിലവിലുള്ള വാഹനങ്ങള്‍ക്കുപോലും പാര്‍ക്കിങ് സൗകര്യമില്ലാത്ത ഇവിടേക്ക് മറ്റ് ഡിപ്പോയില്‍ നിന്നുകൂടി വാഹനം എത്തുന്നതോടെ ചെങ്ങന്നൂര്‍ നഗരം ഗതാഗതക്കുരുക്കില്‍ നിശ്ചലമാകും. ഇക്കാരണത്താല്‍ ശബരിമല തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഗാരേജിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.