ആശുപത്രിക്കെട്ടിടം ചോര്‍ന്നൊലിക്കുന്നു; പ്രവര്‍ത്തനം അവതാളത്തില്‍

കായംകുളം: ഐക്യ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 2009ല്‍ നിര്‍മിച്ച ഒ.പി കെട്ടിടവും 2012ല്‍ നിര്‍മിച്ച ഐ.പി കെട്ടിടവുമാണ് ചോര്‍ന്നൊലിക്കുന്നത്. മുകളിലത്തെ നിലയിലെ സൂപ്രണ്ട് ഓഫിസ്, ഓഫിസ് മുറി, അത്യാധുനിക ചികിത്സാ ഉപകരണം സൂക്ഷിക്കുന്ന സ്റ്റോര്‍ റൂം എന്നിവ ചോര്‍ന്നൊലിച്ച് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. കഴിഞ്ഞദിവസം ഓഫിസ് മുറിയുടെ സീലിങ് തകര്‍ന്നുവീണെങ്കിലും ജീവനക്കാര്‍ പുറത്തുപോയത് കാരണം അപകടം ഒഴിവായി. 2009ല്‍ പണി പൂര്‍ത്തീകരിച്ച ഒ.പി ബില്‍ഡിങ്ങിന്‍െറ രണ്ടാം നിലയുടെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത് ഇരുമ്പ്, അലുമിനിയം സാമഗ്രികള്‍ ഉപയോഗിച്ചാണ്. എന്നാല്‍, നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് അശാസ്ത്രീയമായി മേല്‍ക്കൂര നിര്‍മിച്ചതാണ് ദുരവസ്ഥക്ക് കാരണമെന്ന് ആരോപണമുണ്ട്. ഒ.പി കെട്ടിടത്തിന്‍െറ വടക്കുവശത്തായി 2012ല്‍ വയലാര്‍ രവി എം.പിയുടെ വികസനഫണ്ടില്‍നിന്ന് 20 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച കിടത്തിച്ചികിത്സ കെട്ടിടത്തിന്‍െറ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ചോര്‍ന്നൊലിക്കുകയാണ്. നാലുവര്‍ഷം മാത്രം പഴക്കമുള്ള ഈ കെട്ടിടത്തിന്‍െറ ഭിത്തിയും ടോയ്ലറ്റും ഈര്‍പ്പംപിടിച്ച് ദ്രവിച്ച അവസ്ഥയിലാണ്. ആശുപത്രിയില്‍ ദിവസേന 200 ഓളം രോഗികളാണ് ഒ.പി വിഭാഗത്തില്‍ എത്തുന്നത്. മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാന്‍ അത്യാധുനിക സംവിധാനങ്ങളുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം കുറവാണ്. ആശുപത്രിയുടെ ശോച്യാവസ്ഥ നഗരസഭയെ അറിയിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനത്തിലെ അനാസ്ഥയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.