വടുതല: ഭൂമാഫിയകള്‍ അരൂക്കുറ്റിയില്‍ പിടിമുറുക്കുന്നു. അരൂക്കുറ്റി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങള്‍ ഭൂമാഫിയകളുടെ കൈകളിലാണ്. നിലങ്ങള്‍ നികത്തിയും കായലുകള്‍ കൈയേറ്റം ചെയ്തും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുകയാണ്. അതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അരൂക്കുറ്റി പഞ്ചായത്തില്‍ അഞ്ചുകണ്ടം പ്രദേശത്ത് വേമ്പനാട്ടുകായല്‍ തീരം കൈയേറി റിസോര്‍ട്ട് നിര്‍മാണം. തീരദേശ പരിപാലനനിയമം വ്യാപകമായി അട്ടിമറിക്കപ്പെടുകയാണ് ഇവിടെ. ബന്ധപ്പെട്ട അധികൃതരും ഭൂമാഫിയകളുടെ കൂട്ടാളികളായി മാറുന്നു. തീരദേശ പരിപാലനനിയമം ബാധകമായ പ്രദേശങ്ങളില്‍ വലിയ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തുകയാണ്. തീരദേശ പരിപാലനനിയമം ബാധകമായ വേമ്പനാട്ടുകായല്‍ തീരത്താണ് നിയമം ലംഘിച്ച് ഗ്രീന്‍ ലഗൂണ്‍ എന്ന റിസോര്‍ട്ട് നിര്‍മിക്കുന്നത്. അതും ഒന്നരയേക്കറോളം സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കൈയേറിയും. കലക്ടര്‍ നല്‍കിയ ഉത്തരവുകള്‍ വരെ കാറ്റില്‍ പറത്തിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നടപടികള്‍. ഭൂമി സംരക്ഷിക്കണമെന്ന് പല തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇപ്പോഴും തയാറായിട്ടില്ല. ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ടിന്‍െറ തറക്കല്ലിടലിന് ഉന്നത ഉദ്യോഗസ്ഥരും പല എം.എല്‍.എമാരും പങ്കെടുത്തിരുന്നു. വലിയ ആഘോഷമായാണ് അന്ന് അരൂക്കുറ്റിയില്‍ പരിപാടി നടന്നത്. പ്രതിഷേധവുമായി വന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇപ്പോള്‍ നിര്‍മാണം അവസാന ഘട്ടത്തിലാണ്. അരൂക്കുറ്റി പാദുവാപുരം പള്ളിക്കു സമീപം വേമ്പനാട്ടുകായല്‍ തീരത്ത് കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തി നിലങ്ങളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നുണ്ട്. ഇവിടങ്ങളിലും വലിയ റിസോര്‍ട്ടുകള്‍ ഉയരാനാണ് സാധ്യത. വില്ളേജ് അധികൃതര്‍ നല്‍കിയ സ്റ്റോപ് മെമ്മോ അവഗണിച്ചും വ്യാപക നികത്തലാണ്. വെട്ടിനിരത്തുന്ന കൂട്ടത്തില്‍ പ്രദേശത്തെ ഉന്നതരും ഉണ്ട്. പണം നല്‍കി പലരുടെയും വായടപ്പിച്ചിരിക്കുകയാണ് ഇവര്‍. ദിനംപ്രതി അരൂക്കുറ്റിയുടെയും വേമ്പനാട്ടുകായലിന്‍െറ തീരങ്ങളും റിസോര്‍ട്ട് മാഫിയയുടെ കൈകളിലാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.