തകര്‍ന്നുവീഴാറായ വീടിനുള്ളില്‍ ഭീതിയോടെ ഒരു കുടുംബം

ആറാട്ടുപുഴ: തകര്‍ന്നുവീഴാറായ വീടിനുള്ളില്‍ ഭീതിയോടെ കഴിയുകയാണ് ഒരു കുടുംബം. തൃക്കുന്നപ്പുഴ പതിയാങ്കര മുറിയാലില്‍ പുതുവല്‍ പൊന്നപ്പന്‍െറ കുടുംബത്തിനാണ് ഈ ദുരവസ്ഥ. ഭാര്യ രോഹിണി, മകന്‍ ഗണേഷ്, ഗണേഷിന്‍െറ ഭാര്യ മിനി, മകള്‍ ഗംഗ എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ കുടുംബമാണ് അപകടം മുന്നില്‍ കണ്ട് കഴിയുന്നത്. 20 വര്‍ഷം മുമ്പ് നിര്‍മിച്ച രണ്ട് മുറികളുള്ള ചെറ്റപ്പുരയാണ് ഇവരുടേത്. മേല്‍ക്കൂര ടാര്‍ ഷീറ്റ് മേഞ്ഞതാണ്. നിലവില്‍ വീടിന്‍െറ അവസ്ഥ ദാരുണമാണ്. തൂണുകളെല്ലാം തന്നെ കാലപ്പഴക്കത്താല്‍ ദ്രവിച്ചതിനാല്‍ വീട് മുന്നിലേക്ക് ചരിഞ്ഞുനില്‍ക്കുകയാണ്. തകര്‍ന്നുനില്‍ക്കുന്ന മേല്‍ക്കൂരയുടെ ഷീറ്റുകള്‍ മുഴുവന്‍ പൊടിഞ്ഞുപോയി. അകത്തേക്ക് മഴവെള്ളം വീഴാതിരിക്കാന്‍ വിലകുറഞ്ഞ പ്ളാസ്റ്റിക് ഷീറ്റ് മൂടിയിരിക്കുകയാണ്. കട്ടിളയും ജനലും ഉപയോഗയോഗ്യമല്ല. അടുക്കള മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. തറയുടെയും സ്ഥിതി ഇതുതന്നെയാണ്. കാറ്റും മഴയുമുള്ളപ്പോള്‍ ഭീതിമൂലം ഇവര്‍ പുറത്ത് മാറിയിരിക്കും. ഒരോ ദിവസവും പേടിച്ചാണ് ഇവര്‍ വീടിനുള്ളില്‍ കഴിയുന്നത്. മത്സ്യത്തൊഴിലാളിയായ പൊന്നപ്പന്‍ പ്രായാധിക്യംമൂലവും രോഗത്താലും ജോലിക്കുപോയിട്ട് 13 വര്‍ഷത്തോളമായി. ഭാര്യ രോഹിണിക്ക് വല്ലപ്പോഴും കയര്‍ പിരിച്ച് കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിയുന്നത്. വാതിലുകളും ജനലുമില്ലാത്ത വീട്ടില്‍ ഭാര്യയും മകളുമായി കഴിയുന്നതിനുള്ള സുരക്ഷിതത്വം ഇല്ലാതിരുന്നതിനാല്‍ ഗണേഷിനും കുടുംബവും വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ഇവരും തകര്‍ന്നുവീഴാറായ വീട്ടിലുണ്ട്. മിനി അസ്ഥിസംബന്ധമായ അസുഖം ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലാണ്. എഴുന്നേറ്റ് നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണിപ്പോള്‍. മത്സ്യത്തൊഴിലാളിയായ ഗണേഷ് ജോലിയെടുത്ത് കിട്ടുന്ന പണം ഭാര്യയുടെ ചികിത്സക്കുപോലും തികയാറില്ല. കടം വാങ്ങിയായിരുന്നു നിത്യവൃത്തി കഴിഞ്ഞിരുന്നത്. വാടക നല്‍കാന്‍ കഴിയാതെവന്നതോടെയാണ് വീട് ഒഴിയേണ്ടിവന്നത്. തകര്‍ന്നുനില്‍ക്കുന്ന കുടില്‍ വാസയോഗ്യമാക്കണമെന്ന് ഗണേഷിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രയാസം മൂലം സാധിക്കുന്നില്ല. കൈയിലൊന്നുമില്ലാതെ വീട് പൊളിച്ചിട്ടാല്‍ കയറിക്കിടക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ വരുമെന്ന ഭീതിമൂലം അതിനും സാധിക്കുന്നില്ല. പഞ്ചായത്തില്‍ വീടിന് അപേക്ഷിച്ചാല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും കിട്ടുന്ന തുക സാധനസാമഗ്രികള്‍ നിര്‍മാണസ്ഥലത്ത് എത്തിക്കാനുള്ള കൂലിച്ചെലവ് നല്‍കാന്‍ പോലും തികയില്ല. വഴിസൗകര്യം ഇല്ലാത്തതാണ് കാരണം. അതിനാല്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നില്ല. വലിയ വീട് വേണമെന്ന ആഗ്രഹമൊന്നും ഈ കുടുംബത്തിനില്ല. തങ്ങളുടെ കൊച്ചുകുടില്‍ വാസയോഗ്യമായ രീതിയില്‍ പുനര്‍നിര്‍മിച്ചുകിട്ടണമെന്ന മോഹം മാത്രമേ ഇവര്‍ക്കുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.