കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റദ്ദാക്കല്‍ തുടരുന്നു; തീരദേശത്ത് യാത്രാദുരിതം രൂക്ഷം

ആറാട്ടുപുഴ: ബസ് സര്‍വിസ് അടിക്കടി നിര്‍ത്തലാക്കി കെ.എസ്.ആര്‍.ടി.സി തീരവാസികളെ വീണ്ടും ദ്രോഹിക്കുന്നു. ഹരിപ്പാട് ഡിപ്പോ അധികാരികളാണ് ജനദ്രോഹ നടപടികള്‍ ആവര്‍ത്തിക്കുന്നത്. ഇതുമൂലം ജനം കടുത്ത യാത്രാദുരിതം പേറുകയാണ്. ആറാട്ടുപുഴയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് തുടങ്ങിയ കാലം മുതല്‍ നിലനിന്ന സ്റ്റേ സര്‍വിസാണ് ഇപ്പോള്‍ നിര്‍ത്തല്‍ ചെയ്തിരിക്കുന്നത്. തീരദേശ റോഡിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, മറ്റുസര്‍വിസുകള്‍ പുനരാരംഭിച്ചിട്ടും സ്റ്റേ സര്‍വിസ് ആരംഭിച്ചിട്ടില്ല. പൂര്‍ണമായും നിര്‍ത്തല്‍ ചെയ്യാനുള്ള നീക്കത്തിന്‍െറ ഭാഗമാണിതെന്നാണ് അറിയുന്നത്. രാത്രി 9.40നാണ് കായംകുളത്തുനിന്ന് ആറാട്ടുപുഴക്കുള്ള സ്റ്റേ സര്‍വിസ് ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസികള്‍ക്ക് രാത്രി ഏറെ ഉപകാരപ്പെട്ടിരുന്ന സര്‍വിസാണിത്. ദൂരയാത്ര കഴിഞ്ഞ് വരുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും ഏക ആശ്രയമായിരുന്നു ഈ ബസ്. ആറാട്ടുപുഴയില്‍നിന്ന് പുലര്‍ച്ചെ അഞ്ചിന് ഹരിപ്പാടേക്കും സര്‍വിസ് നടത്തും. കൂടാതെ, രാവിലെ 8.45ന് കായംകുളത്തേക്ക് സര്‍വിസ് നടത്തിയിരുന്ന ഈ ബസിലാണ് കായംകുളം, നങ്ങ്യാര്‍കുളങ്ങര കോളജുകളിലേക്കും ഈ ഭാഗത്തെ സ്കൂളുകളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ കൂടുതലും യാത്ര ചെയ്തിരുന്നത്. സര്‍വിസ് നിര്‍ത്തിയതോടെ കടുത്ത ദുരിതമാണ് വിദ്യാര്‍ഥികള്‍ അടക്കമുള്ള ജനങ്ങള്‍ അനുഭവിക്കുന്നത്. സാമാന്യം നല്ല കലക്ഷന്‍ ലഭിച്ചിരുന്ന സര്‍വിസ് നിര്‍ത്തല്‍ ചെയ്തതിന്‍െറ കാരണം വ്യക്തമല്ല. തീരദേശത്തേക്കുള്ള സര്‍വിസുകള്‍ അകാരണമായി വെട്ടിക്കുറക്കുന്നത് കെ.എസ്.ആര്‍.ടി.സി പതിവാക്കിയതോടെ ജനം പ്രതിഷേധത്തിലാണ്. ചില ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഹരിപ്പാട് ഡിപ്പോയില്‍നിന്ന് വര്‍ഷങ്ങളായി ഓടിക്കൊണ്ടിരുന്ന വലിയഴീക്കല്‍, വണ്ടാനത്തേക്ക് ഉള്ള രണ്ട് സര്‍വിസും ഇപ്പോള്‍ ഇല്ല. മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തല്‍ ചെയ്യുകയും പ്രതിഷേധത്തെ തുടര്‍ന്ന് പുനരാരംഭിക്കുകയും ചെയ്ത സര്‍വിസുകളാണിത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകുന്ന രോഗികള്‍ അടക്കമുള്ളവര്‍ക്ക് നേരിട്ട് ആശുപത്രിയില്‍ എത്താനും തിരികെ വരാനും ഉപകാരപ്പെട്ടിരുന്ന സര്‍വിസുകള്‍ നിര്‍ത്തല്‍ ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ 5.30ന് വലിയഴീക്കല്‍ വഴി ഗുരുവായൂരിലേക്ക് ആറാട്ടുപുഴ വഴി ഉണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും അടുത്തകാലത്തായി നിര്‍ത്തല്‍ ചെയ്തതും ജനങ്ങളെ ദുരിതത്തിലാക്കി. നല്ല കലക്ഷന്‍ നേടിക്കൊടുക്കുന്ന സര്‍വിസുകളാണ് റദ്ദുചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. കൃത്യമായി സര്‍വിസ് നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സിക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുന്ന റൂട്ടാണ് ആറാട്ടുപുഴയിലേത്. മുമ്പത്തെ കലക്ഷന്‍ വിലയിരുത്തിയാല്‍ ഇത് ബോധ്യമാകും. എന്നാല്‍, ഇടക്കിടെ സര്‍വിസ് റദ്ദാക്കി യാത്രക്കാര്‍ക്ക് കെ.എസ്.ആര്‍.ടി സിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ അധികാരികള്‍തന്നെ സൃഷ്ടിക്കുന്നു. സര്‍വിസ് പുനരാരംഭിക്കുമ്പോള്‍ കലക്ഷന്‍ കുറയുകയും പിന്നീട് ഇക്കാരണം ചൂണ്ടിക്കാട്ടി സര്‍വിസ് നിര്‍ത്തല്‍ ചെയ്യുന്ന രീതിയാണ് ഏറെ നാളായി അധികൃതര്‍ സ്വീകരിച്ചുവരുന്നത്. തീരദേശത്തേക്കുള്ള സര്‍വിസുകള്‍ നിര്‍ത്തല്‍ ചെയ്യുന്ന വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് പലപ്പോഴും പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വീണ്ടും പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബസുകളുടെ കുറവാണ് കാരണമായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ലോ ഫ്ളോര്‍ അടക്കം നിരവധി ബസുകള്‍ ഹരിപ്പാട് ഡിപ്പോയിലേക്ക് ലഭിച്ചെങ്കിലും ആറാട്ടുപുഴയെ അവഗണിക്കുകയാണ്. പുതുതായി അനുവദിച്ച ലോ ഫ്ളോര്‍ ബസില്‍ ഒന്ന് തൃക്കുന്നപ്പുഴ-കോട്ടയം മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വിസ് നടത്തുമെന്നാണ് അറിയുന്നത്. ആറാട്ടുപുഴയില്‍ മെച്ചപ്പെട്ട റോഡ് യാഥാര്‍ഥ്യമാകുന്ന സാഹചര്യത്തില്‍ ഈ സര്‍വിസ് ആറാട്ടുപുഴയില്‍നിന്ന് ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.