കൊച്ചീടെജെട്ടി പാലത്തില്‍ തെളിയുന്നു, വിളക്കുകള്‍

ആറാട്ടുപുഴ: വര്‍ഷങ്ങളായി ഇരുട്ടിലായിരുന്ന ആറാട്ടുപുഴ കൊച്ചീടെജെട്ടി പാലത്തിന്‍െറ വിളക്കുകാലുകള്‍ ഇനി പ്രകാശം പരത്തും. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് പുതിയ വിളക്കുകള്‍ സ്ഥാപിക്കുന്ന പണികള്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചീടെജെട്ടി പാലത്തിലെ 60 വിളക്കുകളില്‍ ഒന്നുപോലും കത്താതായിട്ട് നാല് വര്‍ഷത്തിലേറെയായി. സാമൂഹികവിരുദ്ധരുടെ താവളമായി മാറിയ പാലത്തിലൂടെ രാത്രി യാത്ര ഭീതിപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് വഴിവിളക്കുകള്‍ കത്തിക്കുമെന്ന് മലബാര്‍ സിമന്‍റ്സും 35 ലക്ഷം രൂപ ചെലവഴിച്ച് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുമെന്ന് എന്‍.ടി.പി.സിയും ഉറപ്പ് നല്‍കിയെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങി. വിളക്കുകള്‍ തെളിക്കുന്നതില്‍ കാട്ടുന്ന അനാസ്ഥയില്‍ പഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവരുകയായിരുന്നു. തനത് ഫണ്ടില്‍നിന്ന് പണം ചെലവഴിച്ച് വിളക്കുകള്‍ കത്തിക്കുന്ന പണി പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചക്കകം പാലത്തിലെ മുഴുവന്‍ വിളക്കുകളും കത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. അജിത പറഞ്ഞു. എന്‍.ടി.പി.സിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരം പാലത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ 35 ലക്ഷം രൂപ അനുവദിക്കുകയും നടപടിക്രമങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പി.ഡബ്ള്യു.ഡി അധികൃതരില്‍നിന്ന് അനുമതി വാങ്ങി നല്‍കുന്നതില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണാധികാരികള്‍ കാട്ടിയ അലംഭാവമാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാകുന്നതിന് തടസ്സമായത്. പിന്നീട് അനുമതി ലഭിച്ചെങ്കിലും ഉടന്‍ പദ്ധതി നടപ്പാക്കും എന്ന മറുപടിയാണ് എന്‍.ടി.പി.സി അധികൃതര്‍ നല്‍കുന്നത്. പാലത്തില്‍ വെളിച്ചവും പഞ്ചായത്തിന് വരുമാനവും ലഭിക്കുന്ന തരത്തിലാണ് എന്‍.ടി.പി.സിയുടെ പദ്ധതി. 30 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ പാനലുകള്‍ തെരുവ് വിളക്കിനായി പാലത്തില്‍ സ്ഥാപിക്കുന്നുണ്ട്. പാലത്തിലെ വിളക്ക് കത്തിക്കുന്നതിന് ഇത്രയും വൈദ്യുതിയുടെ ആവശ്യമില്ല. രാത്രി മാത്രമാണ് പാലത്തില്‍ വൈദ്യുതി ആവശ്യം. പകല്‍ സൗരോര്‍ജ പാനല്‍ വഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നല്‍കുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുന്നത്. രാത്രിയില്‍ ഗ്രിഡില്‍നിന്ന് വിളക്ക് കത്താന്‍ ആവശ്യമായ വൈദ്യുതി നല്‍കും. ഗ്രിഡിലേക്ക് ലഭിച്ച ശേഷിക്കുന്ന വൈദ്യുതിക്ക് കെ.എസ്.ഇ.ബി പഞ്ചായത്തിന് വില നല്‍കണം. നല്ളൊരു വരുമാനം ലഭിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് അധികാരികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.